മുംബയ്: കാലവർഷം കനത്തതോടെ മഹാരാഷ്‌ട്രയിൽ പ്രളയ സമാനമായ സാഹചര്യം. വരും മണിക്കൂറുകളിൽ മുംബയിലും സബർബൻ മേഖലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴ പെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ അഞ്ചുപേരാണ് മഹാരാഷ്‌ട്രയിലെ മഴക്കെടുതിയിൽ മരണപ്പെട്ടത്.
മുംബയിലെ പല ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ബാന്ദ്രയിൽ 150.6 മില്ലിമീറ്ററും പരേലിൽ 141.8 മില്ലിമീറ്ററും വിക്രോളിയിൽ 143 മില്ലിമീറ്ററും മഴ ലഭിച്ചു. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. താഴ്‌ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായി. പലയിടങ്ങളിലും ഗതാഗത തടസവും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം കടലിൽ 4.26 മീറ്റർ ഉയരത്തിൽ വേലിയേറ്റത്തിന് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |