
വാഷിംഗ്ടൺ: ഇറാനിയൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ രഹസ്യ പദ്ധതി തയ്യാറാക്കുന്നുവെന്ന സൂചന യു.എസ് ഇന്റലിജൻസിന് ലഭിച്ചിരുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ച തുടങ്ങിയതോടെ ഇസ്രയേലിന്റെ നീക്കങ്ങളിൽ യു.എസിന് ആശങ്കയേറിയെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് എന്നിവർ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതായി കരുതുന്നു. യു.എസുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നതും ഇരുവരുമാണ്. ഇവർ കൊല്ലപ്പെട്ടാൽ നിലവിലെ വെടിനിറുത്തൽ തകരും. മേഖല വീണ്ടും യുദ്ധത്തിലേക്ക് മടങ്ങും. അതിനാൽ നീക്കം ഉപേക്ഷിക്കാൻ യു.എസ് ഇസ്രയേലിന് മേൽ പരമാവധി സമ്മർദ്ദം ചെലുത്തി.
ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന അസാധാരണ മുന്നറിയിപ്പ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ വഴി യു.എസ് ഇറാന് കൈമാറിയെന്നും പറയുന്നു. സമാധാന കരാറുണ്ടാക്കി ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കാനാണ് യു.എസ് മുൻഗണന നൽകിയത്.
എന്നാൽ ഇറാനിലെ ഭരണകൂടത്തെ പൂർണമായും തുടച്ചുനീക്കാനാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ഇത് സാദ്ധ്യമാകാത്തതിൽ ഇസ്രയേലിന് കടുത്ത അമർഷമുണ്ട്. വധശ്രമ നീക്കം ഇപ്പോഴും ഇസ്രയേലിന്റെ പരിഗണനയിലുണ്ടോ എന്നതും സംശയ നിഴലിലാണ്. മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരം നിശ്ചയിച്ച പശ്ചാത്തലത്തിൽ ഇറാൻ അതീവ ജാഗ്രതയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |