
ടെഹ്റാൻ: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടും മറ്റൊരു സസ്‌പെൻസിന് തുടക്കം കുറിച്ചും ഇറാൻ. ഫെബ്രുവരി 28ന് കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. പുതിയ പരമോന്നത നേതാവായി അധികാരമേറ്റിട്ടും കാണാമറയത്ത് തുടരുന്ന അദ്ദേഹത്തിന്റെ മകൻ മൊജ്തബാ ഖമനേയി ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമോ എന്നതാണ് സസ്പെൻസ്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ മൊജ്തബാ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.
ഒരാഴ്ചയോളം നീളുന്ന ഭീമൻ സംസ്കാരച്ചടങ്ങാണ് ഖമനേയിക്കായി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ടെഹ്റാൻ അടക്കം നഗരങ്ങൾ ലക്ഷക്കണക്കിന് ജനങ്ങളാൽ നിറയും. ഇറാനിലും ഇറാക്കിലുമായി അഞ്ച് നഗരങ്ങളിലാണ് ചടങ്ങുകൾ. യുദ്ധത്തിലൂടെ തങ്ങളെ തകർക്കാമെന്ന് കരുതിയ യു.എസിനും ഇസ്രയേലിനുമുള്ള ഇറാന്റെ മറുപടി കൂടിയാണ് ചടങ്ങുകൾ.
യുദ്ധം കണക്കിലെടുത്താണ് ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ വൈകിയത്. മൃതദേഹം അജ്ഞാത കേന്ദ്രത്തിൽ ശീതികരണ സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ ടെഹ്റാനിലുണ്ടായ യു.എസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്.
ഇതേ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൊജ്തബയെ മാർച്ച് 8ന് പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൈയ്യോ കാലോ നഷ്ടമായെന്നും മുഖത്തിന് രൂപമാറ്റം സംഭവിച്ചെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്. ഭാര്യയേയും മകനേയും ആക്രമണത്തിൽ മൊജ്തബായ്ക്ക് നഷ്ടപ്പെട്ടു.
# സംസ്‌കാരം വ്യാഴാഴ്‌ച
ഖമനേയിയുടെ മൃതദേഹത്തിന്റെ പൊതുദർശനം ഇന്നലെ ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ചു. നൂറിലേറെ പാശ്ചാത്യ ഇതര രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും സർക്കാർ പ്രതിനിധികളുമെത്തി. ഇന്ത്യയ്ക്കായി ബീഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും നയിക്കുന്ന സംഘം ആദരമർപ്പിച്ചു
ഖമനേയിയുടേത് കൂടാതെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ വഹിക്കുന്ന പേടകങ്ങളും പൊതുദർശനത്തിന്
ഇന്നും നാളെയും പൊതുജനങ്ങൾക്ക് കാണാം. തിങ്കളാഴ്ച ടെഹ്റാനിലൂടെ വിലാപയാത്ര. വ്യോമപാത അടയ്ക്കും. ചൊവ്വാഴ്ച മൃതദേഹം ക്വോം നഗരത്തിലും ബുധനാഴ്ച ഇറാക്കിലെ കർബല, നജഫ് എന്നിവിടങ്ങളിലുമെത്തിക്കും
വ്യാഴാഴ്ച വൻ ജനാവലിയോടെ മൃതദേഹം ഖമനേയിയുടെ ജന്മനാടായ ഇറാനിലെ മഷാദിലെത്തിക്കും. വിശുദ്ധ ഇമാം റെസാ പള്ളിയിൽ സംസ്കാരം
# കാണാൻ
3.5 കോടി പേർ
3.5 കോടി വരെ ജനങ്ങളുടെ പങ്കാളിത്തം ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നു. അതീവ സുരക്ഷാ വലയത്തിലാണ് രാജ്യം. തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. യു.എസോ ഇസ്രയേലോ പ്രകോപനം സൃഷ്ടിച്ചാൽ പ്രതികരണം വിനാശകരമാകുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി.
# ഞങ്ങളുടെ നേതാവിന്റെ രക്തത്തിന് അമേരിക്കയോടും ഇസ്രയേലിനോടും പ്രതികാരം ചെയ്തിരിക്കും.
- അമീർ ഹതാമി,
മേധാവി, ഇറാൻ കരസേന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |