
ബംഗളൂരു: ഇന്ത്യയിലെ എം എൽ എമാരുടെ ആസ്തി സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. ഇതിൽ ഏറ്റവും ധനികനായ എം എൽ എ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്. 1,413കോടി രൂപയുടെ ആസ്‌തിയാണ് അദ്ദേഹത്തിന് ഉള്ളത്. രണ്ടാം സ്ഥാനവും ഇതേ സംസ്ഥാനത്തുള്ള എം എൽ എ കെ എച്ച് പുട്ടസ്വാമി ഗൗഡയ്ക്കാണ്. 1,267 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. മൂന്നാം സ്ഥാനം കർണാടകയിലെ ഗോവിന്ദരാജനഗർ എം എൽ എ പ്രിയകൃഷ്‌ണയ്ക്കാണ്. 1,156കോടി രൂപയാണ് ആസ്‌തി. കണക്കുകളിൽ ആദ്യ പത്തിലെ ഏറ്റവും ധനികരായ എം എൽ എമാരിൽ നാല് പേർ കോൺഗ്രസിൽ നിന്നും മൂന്ന് പേർ ബി ജെ പിയിൽ നിന്നുമുള്ളവരാണ്. ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം ഇന്ത്യയിൽ ഏറ്റവും ആസ്‌തി കുറഞ്ഞ എം എൽ എ പശ്ചിമ ബംഗാളിൽ നിന്നുള്ള ബി ജെ പി എം എൽ എ നിർമൽ കുമാർ ധാരയാണ്. ഇദ്ദേഹത്തിന്റെ ആകെ ആസ്തി 1,700രൂപയാണ്. രണ്ടാം സ്ഥാനത്ത് ഒഡീഷയിലെ രായഗഡ എം എൽ എ മകരന്ദ മുദുലിയാണ്. ആകെ ആസ്തി 15,000രൂപയാണ്. മൂന്നാം സ്ഥാനത്ത് പഞ്ചാബിലെ ഫാസിൽക എം എൽ എ നരീന്ദർ പാൽ സിംഗ് സാവ്‌നയാണ്. ആകെ ആസ്തി 18,370രൂപ.
രാജ്യത്തെ സമ്പന്നരായ 20 എം എൽ എമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്. അതിൽ 14ശതമാനം ശതകോടീശ്വരന്മാരും കുറഞ്ഞത് 100കോടിരൂപയുടെ ആസ്തിയുള്ളവരുമാണ്. സമ്പന്നരായ എം എൽ എമാർ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം അരുണാചാൽ പ്രദേശാണ്. 59 എം എൽ എമാരിൽ നാല് പേരും കോടീശ്വരന്മാരാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള പത്ത് എം എൽ എമാർ
1. കർണാടകയിലെ കനകപുര, ഡി കെ ശിവകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - ആകെ ആസ്തി - 1413 കോടി രൂപ
2. കർണാടകയിലെ ഗൗരിബിദാനൂർ, എച്ച് പുട്ടസ്വാമി ഗൗഡ (ഐഎൻഡി) - ആകെ ആസ്തി - 1267 കോടി രൂപ
3. കർണാടകയിലെ ഗോവിന്ദരാജനഗർ, പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - ആകെ ആസ്തി - 1156 കോടി രൂപ
4. ആന്ധ്രപ്രദേശിലെ കുപ്പം, എൻ ചന്ദ്രബാബു നായിഡു (ടിഡിപി) - ആകെ ആസ്തി - 668 കോടി രൂപ
5. ഗുജറാത്തിലെ മൻസ, ജയന്തിഭായ് സോമാഭായ് പട്ടേൽ (ബിജെപി) - ആകെ ആസ്തി - 661 കോടി രൂപ
6. കർണാടകയിലെ ഹെബ്ബാൾ, സുരേഷ ബി എസ് - ആകെ ആസ്തി - 648 കോടി രൂപ
7. ആന്ധ്രപ്രദേശിലെ പുലിവെൻഡ്ല, വൈഎസ് ജഗൻ മോഹൻ റെഡ്ഡി - കെ ആസ്തി - 510 കോടി രൂപ
8. മഹാരാഷ്‌ട്രയിലെ ഘട്‌കോപ്പർ ഈസ്റ്റ്, പരാഗ് ഷാ (ബിജെപി) - ആകെ ആസ്തി - 500 കോടി രൂപ
9. ഛത്തീസ്ഗഡിലെ അംബികാപൂർ, ടി എസ് ബാബ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - ആകെ ആസ്തി- 500 കോടി രൂപ
10. മഹാരാഷ്‌ട്രയിലെ മലബാർ ഹിൽ, മംഗൾപ്രഭാത് ലോധ (ബിജെപി) - ആകെ ആസ്തി- 441 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |