
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പിളർപ്പ് ഭീഷണിയും വിമത എംഎൽഎമാരുടെ നീക്കങ്ങളെയും തുടർന്ന് പാർട്ടിയുടെ സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും നേതൃത്വം പിരിച്ചുവിട്ടു. ബംഗാൾ നിയമസഭയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ തർക്കങ്ങൾ പാർലമെന്റിലും പ്രതിധ്വനിക്കുമെന്നാണ് സൂചന.
ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലുമായി തൃണമൂൽ കോൺഗ്രസിന് ആകെ 41 എംപിമാരാണുള്ളത്. ലോക്‌സഭയിൽ 28 പേരും രാജ്യസഭയിൽ 13 പേരും. ഏകദേശം 20 എംപിമാർ പാർട്ടിവിട്ട് ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഉന്നത നേതാക്കൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എംപിമാർ തങ്ങളുടെ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ പലരും പങ്കെടുത്തതായാണ് വിവരം.
പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ മമതയ്‌ക്കെതിരെ കരുനീക്കം നടത്തിയത്. ബംഗാളിലെ തൃണമൂൽ നിയമസഭാ കക്ഷിയിൽ ഇതിനകം തന്നെ ഭിന്നതയുണ്ട്. എംഎൽഎ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 60 എംഎൽഎമാരുടെ വിമത വിഭാഗം തങ്ങളെ "യഥാർത്ഥ" തൃണമൂൽ പാർട്ടിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വിഭാഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും നിയമസഭാ സ്പീക്കറുടെ അംഗീകാരം നേടുകയും ചെയ്തു കഴിഞ്ഞു.
നിലവിൽ പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്തുകയെന്ന കഠിന ശ്രമത്തിലാണ് മമത ബാനർജി. പ്രതിപക്ഷ പാർട്ടികളിലെ രണ്ടാമത്തെ വലിയ ഗ്രൂപ്പായ തൃണമൂലിലെ ഭിന്നത പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും കരുത്തിനെ പാർലമെന്റിൽ സാരമായി ബാധിക്കാനിടയുണ്ട്.
ബിജെപിക്ക് ലോക്സഭയിൽ നിലവിൽ 240 എംപിമാരാണ് ഉള്ളത്. തൃണമൂൽ വിട്ട് 20 എംപിമാർ കൂടി ചേരുകയാണെങ്കിൽ ബിജെപിക്ക് 260 എംപിമാരാകും. ലോക്സഭയിൽ ബില്ലുകളും മറ്റും പാസാക്കുന്നതിന് 272 എംപിമാരുടെ പിന്തുണയാണ് പാർട്ടിക്ക് തനിച്ചുവേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ എൻഡിഎ ഘടകകക്ഷികളുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. തൃണമൂൽ എംപിമാർ കൂടി ബിജെപിക്കൊപ്പം ചേർന്നാൽ ഭരണകക്ഷിക്ക് കൂടുതൽ അംഗബലം ലഭിക്കും. എന്നാൽ തനിച്ചുള്ള ഭൂരിപക്ഷത്തിന് അപ്പോഴും ബിജെപിക്ക് 12 എംപിമാരുടെ കുറവുണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |