
ചെന്നൈ: തമിഴ്‌നാട്ടിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഏക രാജ്യസഭാ സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ തീരുമാനിച്ച് മുഖ്യമന്ത്രി വിജയ്. തമിഴ്നാട്ടിൽ ഭരണ കക്ഷിയായ ടിവികെ സർക്കാരിന്റെ നിലനിൽപ്പിന് കോൺഗ്രസിന്റെ പിന്തുണ അത്യന്താപേക്ഷിതമായിരിക്കെ, തീരുമാനം പാർട്ടിക്ക് വലിയ ഊർജ്ജമാകും. നിയമസഭയിൽ കേവലഭൂരിപക്ഷമില്ലാത്ത വിജയ് സർക്കാരിനെ താങ്ങിനിർത്തുന്നത് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസാണ്. മുതിർന്ന കോൺഗ്രസ് നേതാവും തമിഴ്നാടിന്റെ ചുമതലക്കാരനുമായ ഗിരീഷ് ചോദങ്കർ മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ഇതോടെ രാജ്യസഭയിലേക്ക് കോൺഗ്രസ് ആരെയാകും നാമനിർദ്ദേശം ചെയ്യുകയെന്ന ചർച്ചകളും സജീവമായി. പാർട്ടി തന്ത്രജ്ഞനായ പ്രവീൺ ചക്രവർത്തിയുടെ പേരിനാണ് നിലവിൽ മുൻഗണന. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ടിവികെ കോൺഗ്രസ് സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രവീൺ ചക്രവർത്തി.
എഐഎഡിഎംകെ നേതാവ് സിവി ഷൺമുഖം തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് ഈ സീറ്റിൽ ഒഴിവുവന്നത്. മുഖ്യമന്ത്രി വിജയിയുടേത് രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പുതിയ രാജ്യസഭാ സീറ്റ് പാർലമെന്റിൽ കോൺഗ്രസിന്റെ ശബ്ദത്തിന് കൂടുതൽ കരുത്തുപകരുമെന്ന് കോൺഗ്രസ് എംപി ജോതിമണി പ്രതികരിച്ചു.
ബിജെപിയുടെ രാഷ്ട്രീയ ശക്തിക്കെതിരെ പാർലമെന്റിന്റെ ഉപരിസഭയിൽ പോരാടാൻ ടിവികെ നൽകിയ സീറ്റ് കോൺഗ്രസിന് കൂടുതൽ കരുത്ത് നൽകുമെന്നും ജോതിമണി പറഞ്ഞു. ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയിയുടെ ടിവികെയുമായി കൈകോർത്തതിന് പിന്നാലെ പാർലമെന്റിൽ കോൺഗ്രസിന്റെ അംഗബലത്തിൽ കുറവ് വന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രാജ്യസഭാ സീറ്റ് ലഭിക്കുന്നത് പാർലമെന്റിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ മാത്രമല്ല, വരാനിരിക്കുന്ന 2029 ലോക്സഭാ തിരഞ്ഞെടുപ്പിലും തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ ഭാവി രാഷ്ട്രീയ പോരാട്ടങ്ങളിലും ടിവികെ കോൺഗ്രസ് സഹകരണം കൂടുതൽ ശക്തമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |