
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജി സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് അദ്ദേഹം അഞ്ച് പേജുള്ള രാജിക്കത്ത് സമർപ്പിച്ചത്. ഇന്ന് നാല് മണിക്കാണ് അമിത് ഷായുമുള്ള കൂടിക്കാഴ്ച. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന. രാജിക്കത്ത് ബിജെപി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും അഭ്യൂഹങ്ങളുണ്ട്.
മാന്യമായും സൗഹൃദപരമായും പാർട്ടിയിൽ നിന്ന് രാജി വയ്ക്കണം എന്ന് അണ്ണാമലൈ അറിയിച്ചതായാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. പാർട്ടിയുടെ ഭാഗത്തുനിന്ന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അണ്ണാമലൈ അത് നിരസിച്ചതായാണ് സൂചന. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുകയും പുതിയ അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ ചുമതലയേൽക്കുകയും ചെയ്തശേഷം അണ്ണാമലൈ പൊതുവേദികളിൽ സജീവമായിരുന്നില്ല. സ്വന്തം പാത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതിനാൽ പാർട്ടി വിടാൻ ആഗ്രഹിക്കുന്നു എന്നാണ് ബിജെപി ദേശീയ നേതാക്കളായ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായുള്ള ചർച്ചയിൽ അണ്ണാമലൈ പറഞ്ഞതെന്നാണ് വിവരം.
തമിഴ്നാട് രാഷ്ട്രീയത്തിലും ദേശീയ തലത്തിലും അണ്ണാമലൈ അറിയപ്പെടുന്ന നേതാവായി തുടരുന്നതിനിടയിൽ തന്നെ ബിജെപി സംസ്ഥാന - ദേശീയ നേതൃത്വവുമായി അണ്ണാമലൈ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. എഐഎഡിഎംകെയുമായി സംസ്ഥാന ബിജെപി സഖ്യമുണ്ടാക്കാൻ നീക്കം ആരംഭിച്ചതോടെയാണ് അണ്ണാമലൈ എതിർപ്പ് പരസ്യമാക്കി രംഗത്തുവന്നത്. സഖ്യമുണ്ടാക്കാതെ ബിജെപി സംസ്ഥാനത്ത് സംഘടനാ ശക്തി വളർത്തണമെന്ന നിലപാടായിരുന്നു അണ്ണാമലൈക്ക്. എന്നാൽ എം കെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേതൃത്വം സഖ്യത്തിൽ ഉറച്ചുനിൽക്കുകയും അണ്ണാമലൈയുടെ വാദത്തെ തള്ളുകയും ചെയ്തു.
പിന്നാലെ ബിജെപിയിൽ തനിക്ക് ഭാവിയില്ലെന്ന് അദ്ദേഹം കരുതുന്നതായും പാർട്ടി വിടാൻ ആഗ്രഹിക്കുന്നതായും ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ അണ്ണാമലൈയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ബിജെപി വിട്ടതിനുശേഷം അണ്ണാമലൈ സ്വന്തമായി ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |