SignIn
Kerala Kaumudi Online
Friday, 11 September 2026 11.12 AM IST

'ഞങ്ങൾക്കും ജീവിക്കണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി കർണാടക സർക്കാർ

READ ENGLISH VERSION
siddaramaiah

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള ഭേദഗതി ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർദ്ധനവോടെ ഇത് അഞ്ച് ലക്ഷം രൂപ വരെയായി വർദ്ധിക്കും.

മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മന്ത്രിമാരുടെ ശമ്പളം 60,000ത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയാക്കി. സ്‌പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർദ്ധിപ്പിച്ചു. ഇതോടെ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയായി.

നിരവധി സാമൂഹിക പദ്ധതികൾക്കായുള്ള ധനസഹായം ഉൾപ്പെടെയുള്ളവയ്‌ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെ ഇത്തരത്തിലൊരു തീരുമാനം സിദ്ധരാമയ്യ സർക്കാർ കൈക്കൊണ്ടത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. എന്നാൽ, ബിജെപി നേതാക്കൾ ആരും തന്നെ ഈ ബില്ലിനെ ചോദ്യംചെയ്‌തില്ലെന്നതും ശ്രദ്ധേയമാണ്. ശമ്പള വർദ്ധനവിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

'എല്ലാവർക്കും ജീവിക്കണം, സാധാരണക്കാരെ പോലെ ഞങ്ങളും കഷ്‌ടപ്പെടുകയാണ്, മന്ത്രിമാരുടെ ജോലിഭാരവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്' എന്നായിരുന്നു ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വർദ്ധനവിനെക്കുറിച്ച് പറഞ്ഞത്. മന്ത്രി എംബി പാട്ടീലും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി. നിയമസഭാംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് ന്യായമായ കാര്യമാണ്. ഇത് സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ച് അഴിമതി കുറയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, SIDDARAMAIAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360