SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.41 AM IST

ആസൂത്രണ ബോർഡ് നിയമനത്തിലെ 58 മാർക്ക് - 'പി.എസ്.സിയിൽ നടന്നത് പ്രത്യക്ഷമായ അഴിമതി' വൻ ഗൂഢാലോചന സംശയിക്കണമെന്നും ഹൈക്കോടതി

psc
f

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ തട്ടിപ്പിൽ ഹൈക്കോടതി പിടിമുറുക്കി. ഇതിലെ 58 മാർക്കിന്റെ ഉത്തരം മൂല്യനിർണയം നടത്താത്തത് പ്രത്യക്ഷത്തിൽ തന്നെ അഴിമതിയല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. അഞ്ചു ചോദ്യം ഒഴിവാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാം. ഇതങ്ങനെയല്ല, വൻ ഗൂഢാലോചനയടക്കം സംശയിക്കണം. പി.എസ്.സിയിലേക്കുപോലും അഴിമതി എത്തിയെന്നല്ലേ കരുതേണ്ടത്? ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള പരാമർശം.

ഹർജി നിലനിൽക്കില്ലെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി വാദിച്ചു. പി.എസ്.സി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാറിന്റെ വാദം. അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് വിജിലൻസ് ഡയറക്ടറുടെ കത്തിൽ തന്നെ പറയുന്നുണ്ട്. അതിനാൽ ഹർജി നിലനിൽക്കും. പി.എസ്.സിയുടെ അഭിഭാഷകൻ എസ്. ശ്രീകുമാർ പറഞ്ഞു. അന്വേഷണത്തിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയം വിശദവാദത്തിനായി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

ക്ലറിക്കൽ പിഴവിനപ്പുറം ക്രമക്കേട് ഉണ്ടായില്ലെന്നതടക്കമുള്ള വാദമാണ് പി.എസ്.സി ഉന്നയിക്കുന്നത്.
പി.എസ്.സി റിട്ട് ഹർജി ഫയൽ ചെയ്തതിൽ അപാകതയുണ്ടെന്ന് രജിസ്ട്രി ചൂണ്ടിക്കാട്ടിയത് നേരത്തെ സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിനെതിരെ പി.എസ്.സി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ച പ്രകാരമാണ് സിംഗിൾ ബെഞ്ച് വീണ്ടും വിഷയം പരിഗണിക്കുന്നത്.

ക്രൈംബ്രാഞ്ചിനോട് സഹകരിക്കാത്തതെന്ത്?

ക്രൈംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി ചെയർമാനടക്കമുള്ളവർ സഹകരിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. യുവതലമുറയുടെ ഏക പ്രതീക്ഷയായ പി.എസ്.സിയെ സംരക്ഷിക്കണം. വസ്തുത അറിയാവുന്നവർ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പി.എസ്.സി അംഗങ്ങൾക്ക് ധാർമ്മികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു.

പുതിയതരം തട്ടിപ്പ്

നോട്ടീസ് നൽകിയിട്ടും ചെയർമാനും അംഗങ്ങളും ചോദ്യം ചെയ്യാൻ ഹാജരാകുന്നില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. പുതിയതരം തട്ടിപ്പാണ് നടന്നത്. രണ്ടു പേർക്കെതിരെയാണ് പ്രധാന ആരോപണം. അതിന് പി.എസ്.സി എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്ന് മനസിലാകുന്നില്ല. 180 പരാതികളാണ് ലഭിച്ചതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കർക്കശ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360