SignIn
Kerala Kaumudi Online
Tuesday, 06 October 2026 11.39 AM IST

ഇന്ത്യൻ ചാമ്പ്യൻസ് മാപ്പപേക്ഷ നൽകണം, വഴങ്ങാതെ സംഘാടകർ; ഡബ്ല്യുസിഎൽ ടൂർണമെന്റിൽനിന്ന് പാകിസ്ഥാൻ ടീം പുറത്ത്

cricket-players
ഷാഹിദ് അഫ്രീദി( പാകിസ്ഥാൻ ചാമ്പ്യൻസ്), യുവരാജ് സിംഗ് (ഇന്ത്യൻ ചാമ്പ്യൻസ്)

ന്യൂഡൽഹി: ചാമ്പ്യൻഷിപ് ഒഫ് ലെജൻഡ്‌സിന്റെ (ഡബ്ല്യുസിഎൽ) നിലവിലെ സീസണിൽനിന്ന് പാകിസ്ഥാൻ ചാമ്പ്യൻസ് പിന്മാറി. കഴിഞ്ഞ സീസണിൽ പാകിസ്ഥാനെതിരെ മത്സരിക്കാൻ വിസമ്മതിച്ചതിന് ഇന്ത്യൻ ടീം രേഖമൂലമുള്ള മാപ്പപേക്ഷ നൽകണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ടൂർണമെന്റ് സംഘാടകർ നിരസിച്ചതോടെയാണ് പാകിസ്ഥാൻ ടീം പിന്മാറിയത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായ സാഹചര്യത്തിലാണ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരായ മത്സരങ്ങളിൽനിന്ന് വിട്ടുനിന്നത്. ഇന്ത്യൻ ചാമ്പ്യൻസ് കളിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന്ഗ്രൂപ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്ന മത്സരം റദ്ദാക്കിയിരുന്നു. സെമിഫൈനലിലും ഇന്ത്യൻ ടീം നിലപാട് തുടർന്നതോടെ പാകിസ്ഥാന് 'വാക്ക് ഓവർ' ലഭിക്കുകയും അവർ ഫൈനലിലേക്ക് നേരിട്ട് മുന്നേറുകയും ചെയ്‌തു.

എന്നാൽ, കഴിഞ്ഞ സീസണിലെ ഈ സംഭവത്തിൽ ഇന്ത്യൻ ടീമിൽനിന്ന് രേഖാമൂലമുള്ള മാപ്പപേക്ഷ ലഭിക്കണമെന്നാണ് ഇത്തവണ പിസിബി മുന്നോട്ടുവച്ച ആവശ്യം. ഇന്ത്യൻ താരങ്ങൾ ടൂർണമെന്റിൽനിന്ന് പിന്മാറിയാലും അതിനെതിരെ സംഘാടകർ നിലപാടെടുക്കില്ലെന്ന ഉറപ്പ് വേണമെന്നും പിസിബി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യങ്ങളിൽ ധാരണയിലെത്താൻ കഴിയാതിരുന്നതോടെയാണ് ടൂർണമെന്റിൽനിന്ന് പിന്മാറാൻ പാകിസ്ഥാൻ ടീം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, പാകിസ്ഥാൻ ടീമിന്റെ പിന്മാറ്റത്തിന് കാരണം 'അപ്രതീക്ഷിതമായ സാഹചര്യങ്ങൾ' ആണെന്നാണ് ഡബ്ല്യുസിഎൽ സംഘാടകർ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ സീസണിലെ ഇന്ത്യൻ ചാമ്പ്യൻസ് ടീമിൽ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, പിയൂഷ് ചൗള, യൂസഫ് പഠാൻ, റോബിൻ ഉത്തപ്പ തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങൾ അണിനിരന്നിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം താരങ്ങൾ പരസ്യമായി പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു.

English Summary

Pakistan Champions withdrew from the WCL after organisers rejected the PCB’s demand for a written apology from India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN CHAMPIONS WITHDRAWN WCL, PAKISTAN SEEK APOLOGY FROM INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360