SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.41 AM IST

 തമിഴ്നാട്ടിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി വിജയ്‌ക്കിത് അഭിമാന പോരാട്ടം

ds

ചെന്നൈ: തമിഴ്നാട്ടിൽ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വിജയ് സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമാകും. രണ്ടിടത്തും അണ്ണാ ഡി.എം.കെ ടിക്കറ്റിൽ വിജയിച്ച് നിയമസഭയിൽ എത്തിയവർ രാജിവച്ച് ടി.വി.കെയിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. സമാന രീതിയിൽ 5 എം.എൽ.എമാർ കൂടി രാജിവച്ചിരുന്നുവെങ്കിലും വിവിധ കേസുകൾ കോടതിയിൽ നിലവിലുള്ളതിനാൽ തിര‌ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴെല്ലാം ഭരണകക്ഷി തോറ്ര ചരിത്രമില്ല. അതുകൊണ്ടു വിജയ് സകല സന്നാഹങ്ങളേയും ഇറക്കിയാണ് പ്രചാരണം നടത്തിയത്. 9നാണ് വോട്ടെണ്ണൽ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടത്തും അണ്ണാ ഡി.എം.കെ സീറ്റിൽ ജയിച്ചവരാണ് ടി.വി.കെ സ്ഥാനാർത്ഥികൾ. മധുരാന്തകത്തെ അപേക്ഷിച്ച് ധാരാപുരം മണ്ഡലത്തിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.വി.കെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പോയ ഇവിടെ കൂടുതൽ ദിവസം വിജയ് പ്രചാരണത്തിനെത്തി.

ജനവിധി മാനിക്കാതെ എം.എൽ.എ സ്ഥാനം രാജിവച്ച പി. സത്യഭാമയ്ക്കെതിരെ പൊതുജന വികാരം സൃഷ്ടിക്കാനാണ് അണ്ണാ ഡി.എം.കെയും ഡി.എം.കെയും ശ്രമിച്ചത്. കഴിഞ്ഞ തവണ 16,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സത്യഭാമയുടെ വിജയം. അണ്ണാ ഡി.എം.കയും ഡി.എം.കെയും സ്ഥാനാർത്ഥികളെ നിറുത്തി പ്രചാരണം നടത്തിയെങ്കിലും ടി.വി.കെയെ തോൽപ്പിക്കാനുള്ള ധാരണയുണ്ടാക്കുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

മധുരാന്തകത്ത് കഴിഞ്ഞ തവണ ടി.വി.കെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 7,194 വോട്ടിനായിരുന്നു പരാജയം. അന്ന് പരാജയപ്പെടുത്തിയ മരഗതം കുമാരവേലിനെ സ്വന്തം സ്ഥാനാർത്ഥിയാക്കിയാണ് ടി.വി.കയുടെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം. സർക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കുന്ന ഇടതുപാർട്ടികൾ രണ്ടിടത്തും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്.

പെൺപോര്;

പേരിനൊരു പുരുഷൻ

രണ്ട് മണ്ഡലത്തിലും മത്സരിക്കുന്ന പ്രധാന സ്ഥാനാർത്ഥികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും വനിതകളാണ്. മധുരാന്തകത്ത് ഡി.എം.കെ സീറ്റിൽ മത്സരിക്കുന്ന ഐ.പരന്താമനാണ് ഏകപുരുഷൻ. എഗ്മോറിലെ മുൻ.എൽ.എയാണ്. മരഗതം കുമാരവേൽ (ടി.വി.കെ), കനിതാ സമ്പത്ത് (അണ്ണാ ഡി.എം.കെ), പി.സുഗന്ധി (സി.പി.എം) ജാനകിരാമൻ (എൻ.ടി.കെ) എന്നിവരാണ് ഇവിടത്തെ മറ്റ് സ്ഥാനാർത്ഥികൾ. ധാരാപുരത്ത് സത്യഭാമയ്ക്കു (ടി.വി.കെ) പുറമെ കെ.ഭാനുമതി (അണ്ണാ ഡി.എം.കെ), എസ്.സുകന്യ (ഡി.എം.കെ), എം.കാർത്തിക (എൻ.ടി.കെ) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360