
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പീഡനക്കേസുകൾ വർദ്ധിക്കുന്നതിനിടെ, ഡൽഹി പൊലീസ് സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. രാത്രിയിൽ ഒറ്രയ്‌ക്ക് സഞ്ചരിക്കുമ്പോഴും ഡൽഹിയിലെ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടണം. മുൻകരുതൽ നടപടികളുണ്ടാകണം. അതിക്രമങ്ങൾ നടത്താൻ കുറ്റവാളികൾ ഭയപ്പെടണം.
കുറ്റം ചെയ്‌താൽ ജീവൻ നഷ്‌ടപ്പെടുമെന്ന ചിന്ത ക്രിമിനലുകൾക്കുള്ളിൽ ഉണ്ടാക്കിയെടുക്കണം. അല്ലാതെ കുറ്റകൃത്യങ്ങൾ തടയാനാവില്ല. ഡൽഹിയിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്നാണ് പൊതു ധാരണ. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പൊലീസ് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. എങ്കിലേ വിശ്വാസം വീണ്ടെടുക്കാനാവൂ. പൊലീസിന് ഇതു വെല്ലുവിളിയാണെന്ന് അറിയാം. ലൈംഗികാതിക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടാകരുത്. പാർക്കുകൾ, റോഡുകൾ, ബസുകൾ, മെട്രോ സ്റ്റേഷനുകൾ, സബ്‌വേകൾ, നടപ്പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ബീറ്റ് പട്രോളിംഗ് സംഘങ്ങൾ നിരന്തര നിരീക്ഷണം നടത്തണം.
ദസറയും ദീപാവലിയുമടക്കം ഉത്സവ സീസണിലേക്ക് നഗരം കടക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. മലയാളി അഭിഭാഷക ലിസ് മാത്യുവാണ് അമിക്കസ് ക്യൂറി. നവംബർ 13ന് വീണ്ടും പരിഗണിക്കും.
13ൽപ്പരം ലൈംഗികാതിക്രമങ്ങൾ
സെപ്‌തംബറിൽ 13ൽപ്പരം ലൈംഗികാതിക്രമക്കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇരകളിൽ അധികവും പ്രായപൂർത്തിയാകാത്തവരും. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാരിന്റെയും പൊലീസിന്റെയും പരാജയമാണ് തെളിയിക്കുന്നതെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സെപ്‌തംബർ 10ന് സ്വരൂപ് നഗറിൽ 17കാരിയാണ് കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളടക്കം 4 പേർ അറസ്റ്റിലായി. 17ന് സദർ ബസാറിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത് തയ്യൽക്കാരനായ മഖ്സൂദ്. 21ന് ദേശ്ബന്ധു ഗുപ്‌ത റോഡിൽ 6 വയസുകാരി പീഡനത്തിനിരയായതിൽ അങ്കിത് എന്ന പ്രതിയാണ് അറസ്റ്റിലായത്. കൽക്കാജിയിൽ തോക്കിൻമുനയിൽ നിറുത്തി 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പൊലീസുകാരെന്ന വ്യാജേനയെത്തിയവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |