SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.41 AM IST

 മന്നിന്റെ ഓഫീസിലെ അഴിമതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

dd

ചണ്ഡിഗർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹരിയാന ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി രാജ്ബീർ സിംഗ് ഗുമാനെതിരായ ആരോപണങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണിത്.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സർക്കാർ നയങ്ങളിൽ സ്വാധീനം, ടെൻഡറുകൾ, ആയുധ ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചത്. സി.ബി.ഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് രോഹിത് കപൂർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. പഞ്ചാബ് സർക്കാരും പൊലീസും അന്വേഷണത്തിന് പൂർണ സഹകരണം നൽകണമെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം

ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതിയിൽ ഹരിയാന ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അഴിമതി വിരുദ്ധ വാഗ്ദാനം നിറവേറ്റുന്നതിൽ ഭഗവന്ത് മൻ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സി.ബി.ഐ അന്വേഷണം സംസ്ഥാന ഭരണകൂടത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പർഗത് സിംഗ് മൻ പറഞ്ഞു.

സർക്കാർ പൂർണ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും ഓരോ രൂപയുടെയും കണക്ക് ബോധിപ്പിക്കണമെന്നും ബി.ജെ.പിയുടെ രവ്‌നീത് ബിട്ടുവും അറിയിച്ചു. പഞ്ചാബിൽ ആം ആദ്മി പാർട്ടി തങ്ങളുടെ പ്രധാന രാഷ്ട്രീയ പ്രചാരണ വിഷയമായി ഉയർത്തിയിരുന്നത് അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു.

അതാണിപ്പോൾ വിവാദമായിരിക്കുന്നത്. 2027ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. അതേസമയം, ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയും സർക്കാരുകളെയും വേട്ടയാടുകയാണെന്നും ഭഗവന്ത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360