ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെ അസഭ്യവർഷം നടത്തിയെന്ന കേസിൽ വിദ്യാർത്ഥികളോട് പൊറുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ പരിഹാസവുമായി അഭിജീത് ദീപ്‌കെ. വിദ്യാർത്ഥികളോട് കരുണകാണിക്കണമെന്ന വാചകം റീൽസിൽ മാത്രം ഒതുക്കാതെ അവർക്കെതിരെ ഫയൽ ചെയ്‌തിരിക്കുന്ന കേസുകൾ പിൻവലിക്കുമോയെന്നാണ് ദീപ്‌കെ ചോദിക്കുന്നത്.
ജന്തർ മന്ദിർ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നോയിഡ സ്വദേശിയായ 15 വയസുകാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.
'എന്നെയും മരിച്ചുപോയ എന്റെ അമ്മയെയും അസഭ്യം പറഞ്ഞെന്നത് ശരിയാണ്. എന്നാൽ, കുട്ടികൾ തെറ്റ് ചെയ്‌താൽ അവരെ ശിക്ഷിച്ചതുകൊണ്ടോ കോടതി നടപടികളിലൂടെ വലിച്ചിഴച്ചതുകൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകില്ല. അവർക്ക് മാപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സമൂഹവും അവരോട് കരുണ കാണിക്കുകയും അവരെ അംഗീകരിക്കുകയും വേണം'- എന്നാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞത്.
പൊലീസ് നടപടിയെ വിമർശിച്ച് നേരത്തെയും ദീപ്‌കെ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞതിന് കേസെടുക്കുകയാണെങ്കിൽ വർഷങ്ങളായി സ്‌ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്ന ബിജെപി ഐടി സെൽ അംഗങ്ങൾക്കെതിരെയും കേസെടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. സ്‌ത്രീകളെ അധിക്ഷേപിച്ചവരിൽ പലരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ 'ഫോളോവ്ഡ് ബൈ പിഎം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അവർക്കെതിരെ എപ്പോഴാണ് നടപടി സ്വീകരിക്കുന്നതെന്നും ദീപ്‌കെ ചോദിക്കുന്നു.
പാർലമെന്റിനുള്ളിൽപോലും മോശം ഭാഷ ഉപയോഗിച്ചിട്ടുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതാദ്യമായല്ല സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രി പങ്കുവയ്‌ക്കുന്ന വീഡിയോകൾക്ക് പ്രതികരണവുമായി ദിപ്‌കെ എത്തുന്നത്. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് പുതിയ നിയമം ആവിഷ്‌കരിക്കുമെന്ന് പറഞ്ഞുള്ള പ്രധാനമന്ത്രിയുടെ വീഡിയോയ്‌ക്ക് താഴെ 'രാജ്യത്തിന്റെ ഭാവിയെക്കാൾ നിങ്ങളുടെ ചർമ്മമാണ് കൂടുതൽ തിളങ്ങുന്നത്' എന്നാണ് ദീപ്‌കെ പരിഹസിച്ചത്.
CJP founder Abhijeet Dipke asked whether the police cases against students accused of abusing Prime Minister Narendra Modi during the Jantar Mantar protest would also be withdrawn after the Prime Minister appealed to forgive them.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |