SignIn
Kerala Kaumudi Online
Thursday, 04 June 2026 11.34 PM IST

പെമ്മസാനി റിച്ചാണ്, വെരി റിച്ച്!

READ ENGLISH VERSION
s

''ഞാൻ പണം സമ്പാദിച്ചത് നേരായ വഴിയിലൂടെയാണ്. അത് വെളിപ്പെടുത്താൻ എന്തിന് നാണിക്കണം?"" ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോടീശ്വരന്മാരിൽ വമ്പനായ ഡോ. പെമ്മസാനി ചന്ദ്രശേഖരന്റെ ചോദ്യമാണിത്.

ഗുണ്ടൂരു മണ്ഡലം ടി.ഡി.പി സ്ഥാനാർത്ഥിയാണ് പെമ്മസാനി ചന്ദ്രശേഖരൻ. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിവരമനുസരിച്ച് 5,598.65 കോടി രൂപയുടെ ആസ്തിയുണ്ട്. എന്നാൽ പ്രചാരണ വേദികളിൽ ആ പണക്കൊഴുപ്പ് കാണാനാകില്ല. മറ്റ് സ്ഥാനാർത്ഥികളെ പോലെതന്നെയാണ് പ്രചാരണം. മുളകിനു പേരുകേട്ട ഗുണ്ടൂരിൽ ഉഷ്ണം കത്തിക്കാളുന്നുണ്ടെങ്കിലും തുറന്ന വാഹനത്തിലാണ് പെമ്മസാനിയുടെ പര്യടനം.

രാഷ്ട്രീയത്തിലെത്താനുള്ള കാരണം ചോദിച്ചപ്പോൾ വിയർപ്പു തുടച്ചിട്ട് പെമ്മസാനി ചിരിച്ചു. ''ഭരണ സംവിധാനം ശരിയായിരുന്നുവെങ്കിൽ എന്നെ പോലെയുള്ളവർക്ക് രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരില്ലായിരുന്നു.""

ധനികൻ എന്ന വിലാസമുണ്ടാകുമ്പോൾ സാധാരണക്കാർക്ക് പെട്ടെന്ന് സമീപിക്കാൻ മടിയുണ്ടാകില്ലേ?

''ഞാനും സാധാരണക്കാരനായിരുന്നു. കഠിനാദ്ധ്വാനം കൊണ്ടാണ് ഇതുവരെ എത്തിയത്. നിയമവിരുദ്ധമായി ഒന്നും സമ്പാദിച്ചിട്ടില്ല. കൈയിൽ കള്ളപ്പണമില്ല. ഞാൻ ജയിച്ചാൽ സ്വത്തുവിവരം മറുച്ചവയ്ക്കാതെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാനാകുമെന്ന് പലർക്കും മനസിലാകും.""

ആന്ധ്രയിലെ പ്രധാന പ്രശ്നം എന്താണ്?

''തൊഴിലില്ലായ്മ. ചെറുപ്പക്കാർ സന്തോഷവാന്മാരല്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് ജയിച്ചു കഴിഞ്ഞാൽ ആദ്യ ലക്ഷ്യം. തലസ്ഥാനമായ അമരാവതിയിലേക്ക് സോഫ്റ്റ്‌വെയർ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും കൊണ്ടുവരും. രോഗികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്ന ആശുപത്രികൾ സ്ഥാപിക്കും"".

ഗുണ്ടൂരിൽ എന്തുമാറ്റം പ്രതീക്ഷിക്കാം?

''അഞ്ച് വർഷത്തിനുള്ളിൽ മണ്ഡലത്തിലെ യുവാക്കൾക്കായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വന്തം ഫണ്ട് ഉപയോഗിച്ച് ആറു സ്‌കൂളുകൾ സ്ഥാപിക്കും. മണ്ഡലത്തിലെ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രഥമ പരിഗണന നൽകും. സ്ത്രീകൾക്ക് സ്വയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നൈപുണ്യ വികസനത്തിന് പരിശീലനം നൽകാൻ സ്വന്തം ഫണ്ട് വിനിയോഗിക്കും. സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മന്നോട്ടുവരുന്ന യുവാക്കളെ സഹായിക്കാൻ 10 കോടി രൂപ വകയിരുത്തും"".

അമേരിക്കയിൽ ഡോക്ടറാണ് പെമ്മാസാനി ചന്ദ്രശേഖർ. സ്വന്തം സംരംഭമായ എഡ്യുക്കേഷൻ ആപ്പ് യു വേൾഡ് ക്ലിക്കായതോടെയാണ് അദ്ദേഹം അതിസമ്പന്നതയുടെ നിരയിലേക്ക് എത്തിയത്. ഭാര്യ കോനേരു ശ്രീരത്നയ്ക്കും ബിസിനസ് സംരംഭങ്ങളുണ്ട്. ലോകമെമ്പാടുമുള്ള 101 കമ്പനികളിൽ ദമ്പതികൾ സംയുക്തമായി ഓഹരികൾ സ്വന്തമാക്കി.

1999ൽ ആന്ധ്രാപ്രദേശിലെ ഡോ. എൻ.ടി.ആർ യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം യു.എസിലെ പെൻസിൽവാനിയയിലെ ഡാനിവില്ലിലുള്ള ഗെയ്സിംഗർ മെഡിക്കൽ സെന്ററിൽ നിന്ന് മെഡിസിനിൽ 2005ൽ എം.ഡി നേടി. പൊന്നൂർ എം.എൽ.എയായിരുന്ന വെൈ.എസ്.ആർ.സി.പിയിലെ കിലാരി വെങ്കട റോസയ്യയാണ് ചന്ദ്രശേഖറിന്റെ പ്രധാന എതിരാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360