
കുടുങ്ങിയവരെ ബന്ധപ്പെടാനായില്ല
ഹൈദരാബാദ്: തെലങ്കാന നാഗർകുർണൂലിൽ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ടു പേർക്കായി രക്ഷാപ്രവർത്തനം നാലാം ദിനവും തുടരുന്നു. അപകടത്തിൽപ്പെട്ടവർക്ക് നാല്പത് മീറ്റർ അടുത്ത് രക്ഷാപ്രവർത്തകർ എത്തിയെന്നാണ് വിവരം. ഇനിയങ്ങോട്ട് ചെളിലും മണലും മറ്ര് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മുന്നോട്ടു പോവുക ഏറെ ദുഷ്കരമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എൻ.ഡി.ആർ.എഫ് സംഘത്തലവൻ പറഞ്ഞു. കുടുങ്ങി കിടക്കുന്നവരുമായി ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഒമ്പത് മീറ്റർ വ്യാസമുള്ളതാണ് ടണൽ.
കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാനാവുമോയെന്ന് ഉറപ്പില്ലെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു പറഞ്ഞു. പുറത്തുകൊണ്ടു വരാൻ കുറഞ്ഞത് മൂന്ന്-നാല് ദിവസമെങ്കിലും എടുക്കുമെന്നു പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് നാഗർ കുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. രണ്ട് എൻജിനിയർമാരും ആറ് തൊഴിലാളികളുമാണ് കുടുങ്ങിയത്. അൻപതംഗ സംഘത്തിൽ ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഒരു വർഷമായി നിറുത്തിവച്ചിരുന്ന തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ച മുൻപാണ് ആരംഭിച്ചത്.
കണ്ടെത്താൻ
റാറ്റ് മൈനേഴ്സും
2023-ൽ സിൽക്യാര തുരങ്ക രക്ഷാപ്രവർത്തനം വിജയകരമായി നടത്തിയ റാറ്റ് മൈനേഴ്സും ഇന്നലെ ദൗത്യസംഘത്തിൽ ചേർന്നു
എന്നാൽ തുരങ്കത്തിൽ ചെളി അടിഞ്ഞ് കിടക്കുന്നതിനാൽ അവരും നിസ്സഹായരാണെന്നാണ് റിപ്പോർട്ടുകൾ
നാവികസേനാ വിദഗ്ദ്ധർ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സിംഗരേണി കൊളിയറീസ് സംഘങ്ങൾ സംയുക്തമായാണ് തെരച്ചിൽ
വെള്ളവും ചെളിയും ഒഴുകിയെത്തി 12-13 അടി ഉയരമുള്ള ചെളി ഭിത്തി രൂപപ്പെട്ടതായി എൻ.ഡി.ആർ.എഫ് കമൻഡാന്റ് പ്രസന്നകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |