SignIn
Kerala Kaumudi Online
Monday, 05 October 2026 11.16 AM IST

മറ്റൊരു ബംഗ്ളാദേശ് ആകാൻ ബലൂചിസ്ഥാൻ, സ്വാതന്ത്ര്യം നേടാനുള്ള നീ്ക്കം ശക്തം

READ ENGLISH VERSION

d

ന്യൂഡൽഹി: പ്രകോപനമില്ലാതെ ഇന്ത്യൻ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വൻതിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിമോചന പോരാട്ടം. 1971ലെ യുദ്ധത്തെത്തുടർന്ന് അന്നത്തെ പൂർവ പാകിസ്ഥാൻ ബംഗ്ളാദേശ് ആയി മാറിയ സാഹചര്യമാണ് ഇപ്പോൾ ബലൂചിസ്ഥാനിൽ. തങ്ങളുടെ സ്വാതന്ത്ര്യമോഹത്തെ അടിച്ചമർത്തിയ പാകിസ്ഥാനിൽ നിന്ന് മോചനം നേടാനുള്ള ബലൂചികളുടെ നീക്കം ശക്തമാണ്.

സ്വതന്ത്ര ബലൂചിസ്ഥാൻ വാദിയും പ്രശസ്ത ബ്ളോഗറുമായ മിർ യാർ ബലൂചിന്റേതായി വന്ന സമൂഹമാദ്ധ്യമ പോസ്റ്റുകളെ ഉദ്ധരിച്ച് ബലൂചിസ്ഥാൻ സ്വതന്ത്രമായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 100ലധികം പ്രകൃതി വാതക കിണറുകൾ സ്ഥിതിചെയ്യുന്ന ദേര ബുഗ്തിയിലെ എണ്ണപ്പാടം ബലൂച് വിമോചന പോരാളികൾ (ബി.എൽ.എ) ആക്രമിച്ചതായും ഏറ്റവും വലിയ നഗരമായ ക്വറ്റ പിടിച്ചെടുത്തതായും വാർത്തവന്നു. പഹൽഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതിന് പിന്നാലെ ബലൂചിസ്ഥാനിൽ 14 പാക് സൈനികരെ ബി.എൽ.എ വധിച്ചിരുന്നു.

ന്യൂഡൽഹിയിൽ ബലൂച് എംബസി തുറക്കാൻ അനുവദിക്കണമെന്നും ബലൂചിസ്ഥാനിലേക്ക് യു.എൻ സമാധാന സേനയെ അയയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടതും അവിടെ പാകിസ്ഥാൻ സൈന്യത്തിന്റെ നിയന്ത്രണം നഷ്‌ടമാകുന്നുവെന്നതിന്റെ സൂചനയാണ്. പാക് പതാക പിൻവലിച്ച് ബലൂച് പതാക ഉയർത്തുകയും ചെയ്തു.

ഭീകരവാദ പാകിസ്ഥാന്റെ തകർച്ച അടുത്തെന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാൻ പ്രത്യേക യോഗം വിളിക്കണമെന്നും മിർ യാർ ബലൂചി ആവശ്യപ്പെട്ടു. കറൻസി, പാസ്‌പോർട്ട് അച്ചടി എന്നിവയ്ക്കായി ഫണ്ട് അനുവദിക്കുക, പാക് സൈന്യം പൊലീസ്, സൈനിക ഇന്റലിജൻസ്, ഐ.എസ്.ഐ എന്നിവയടക്കം ബലൂചിസ്ഥാൻ വിടുക എന്നീ ആവശ്യങ്ങളും ഉയർന്നു.

ബി.എൽ.എ ഉടൻ നിയന്ത്രണം ഏറ്റെടുക്കുമെന്നും സ്വതന്ത്ര ബലൂചിസ്ഥാനിൽ ഇടക്കാല സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും മിർ വ്യക്തമാക്കി. പുതിയ രാഷ്‌ട്രത്തിന്റെ അധികാരമേറ്റെടുക്കൽ ചടങ്ങിൽ ഇന്ത്യ അടക്കം സൗഹൃദ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നതായും പറഞ്ഞു.

ഇന്ത്യൻ വേരുകൾ

ബ്രിട്ടീഷ് കോളനിയായിരുന്ന ബലൂചിസ്ഥാനെ 1947 ജൂൺ 29ന് പാകിസ്ഥാന്റെ ഭാഗമാക്കിയത് ജനങ്ങളുടെ താത്‌പര്യമില്ലാതെയാണ്. ഇതിനെ എതിർത്ത 'കലാത്ത്' പ്രവിശ്യയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. 1948, 1958-59, 1962-63, 1973-77 വർഷങ്ങളിലും കലാപങ്ങൾ നടന്നു. 2003 മുതൽ ബി.എൽ.എയുടെ നേതൃത്വത്തിൽ വിമോചന സമരം ശക്തമാണ്. ആര്യ അധിനിവേശത്തിന് മുൻപ് ഹിന്ദു, ദ്രാവിഡ സംസ്‌കാരം നിലനിന്ന ബലൂചിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അന്തർധാര ശക്തമാണ്. പാകിസ്ഥാനെ ഇന്നും എതിർക്കുന്ന കലാത്ത് ഡിവിഷൻ പണ്ട് ഹിന്ദു സേവാ രാജവംശം ഭരിച്ച നാട്ടുരാജ്യമായിരുന്നു. ദ്രാവിഡ ഭാഷ സംസാരിച്ച ബ്രാഹുയികളാണ് ബലൂചികളുടെ പൂർവികർ.

നിർണായക മേഖല

ബലൂചിസ്ഥാൻ പ്രവിശ്യ പാകിസ്ഥാന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 44% വരുമെങ്കിലും അതിശൈത്യവും ചൂടുംകാരണം ജനസാന്ദ്രത കുറവ്

പടിഞ്ഞാറ് ഇറാനും വടക്കുപടിഞ്ഞാറ് അഫ്ഗാനിസ്ഥാനും തെക്ക് അറബിക്കടലും അതിർത്തി പങ്കിടുന്ന നിർണായക മേഖല

ജനങ്ങളുടെ മുഖ്യവരുമാനം കൃഷിയും കന്നുകാലി വളർത്തലും. കമ്പിളി, തുകൽ നിർമ്മാണത്തിനും പ്രശസ്‌തം. പ്രകൃതിവാതക പാടങ്ങളാൽ സമ്പന്നം

ബലൂചിസ്ഥാനിലെ പാക് താത്പര്യം പ്രകൃതി വാതകത്തിൻമേലുള്ള ലാഭക്കൊതിയാണ്.

അടിസ്ഥാന വികസനത്തിന് പാകിസ്ഥാന് താത്പര്യമില്ലാത്തതും ബലൂചി വിമോചന സമരത്തിന് ഇന്ധനമാകുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BALUCHISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360