
മുംബയ്: ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്തമഴ. മഹാരാഷ്ട്രയിലെ മുംബയിലടക്കമുള്ള അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് വരെ മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കഴിഞ്ഞ നാല് ദിവസത്തിനിടെ മുംബയിൽ മാത്രം 13 പേർ മരിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലും റോഡ്, റെയിൽ, വ്യോമ, ഫെറി സർവീസുകൾ ഇന്നലെ താറുമാറാക്കി. മഹാബലേശ്വറിൽ പാലം തകർന്നു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ദുരന്തനിവാരണ സേന അറിയപ്പ് നൽകി. ജീവനക്കാരോട് വർക് ഫ്രം ഹോം എടുക്കാനും നിർദ്ദേശിച്ചു. മുംബയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബയിൽ 350 മരങ്ങൾ നിലംപതിച്ചു.
ഇതിനിടെ പുതിയ റോഡുകളും ഹൈവേകളും തകർന്നത് സർക്കാരിന്റെ അഴിമതിയും മോശം നിർമ്മാണവും കാരണമാണെന്ന് എൻ.സി.പി ആരോപിച്ചു. അടുത്തിടെ തുറന്ന പൂനെ-മുംബയ് എക്സ്പ്രസ് വേയിലെ 6,700 കോടി രൂപയുടെ 'മിസിംഗ് ലിങ്ക്' പദ്ധതി ആദ്യ മഴയിൽ തന്നെ തകർന്നതിനെതിരെയാണിത്. ആരോപണം ശക്തമായതോടെ വസായ്വിരാർ മേഖലയിലെ ഡ്രെയിനേജ് ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച് എട്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാർ ഉത്തരവിട്ടു. അതേസമയം, കനത്ത മഴയിൽ ഉത്തരാഖണ്ഡിലെ അളകനന്ദ നദി കരകവിഞ്ഞു. നദീതീരത്തെ 15 അടി ഉയരമുള്ള ശിവപ്രതിമ പൂർണമായും വെള്ളത്തിനടിയിലാണ്.
കാശ്മീരിൽ മേഘവിസ്‌ഫോടനം
കാശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെയ്തു. ചെനാബ് നദിക്ക് കുറുകെയുള്ള 540 മെഗാവാട്ട് ശേഷിയുള്ള ക്വാർ ജലവൈദ്യുത പദ്ധതി പ്രദേശം പൂർണമായും ചെളിയും വെള്ളവും കൊണ്ട് മൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |