SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.36 AM IST

കോൺഗ്രസ് കേന്ദ്ര പ്ളാനിംഗ് ഇന്റലിജൻസിനെ വിഴുങ്ങി

READ ENGLISH VERSION
vds

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ കോൺഗ്രസ് പ്രതിഷേധം നടപ്പിലാക്കിയത് രഹസ്യാന്വേഷണ ഏജൻസികൾക്കുപോലും വിവരം മണത്തറിയാൻ ആവാതെ. പ്രതിഷേധം നടത്താനുള്ള തീരുമാനം അവസാന നിമിഷം വരെ രഹസ്യമായിരുന്നു. സംസ്ഥാനതല ചർച്ചകൾക്കായി വിളിച്ചുവരുത്തിയ കേരള, കർണാടക മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ചത് അവസാന നിമിഷത്തിൽ.

കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കം ചുരുക്കം പേർക്കു മാത്രമേ സമരവിവരം അറിയാമായിരുന്നുള്ളൂ. മല്ലികാർജ്ജുന ഖാർഗെയുടെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ കോൺഗ്രസ് എം.പിമാരോടും ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് രാജാജി മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്താൻ നിർദ്ദേശിച്ചിരുന്നു. അവിടെ എത്തിയശേഷമാണ് എം.പിമാരോട് വിവരം പങ്കുവച്ചത്. തുടർന്ന് മൂന്നരയോടെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ സമരം അരങ്ങേറി.

ചുരുക്കം വാഹനങ്ങളിലാണ് നേതാക്കൾ ലോക്‌കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രി മാത്രം ഉപയോഗിക്കുന്ന രണ്ടാം നമ്പർ ഗേറ്റിനു മുന്നിൽ നേതാക്കൾ നിരന്നപ്പോൾ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞത്. ഉടൻ എസ്.പി.ജി അടക്കം സേനകൾ സ്ഥലത്തെത്തിയപ്പോഴേക്കും കോൺഗ്രസ് പ്രതിഷേധം തുടങ്ങിയിരുന്നു. അതിനുശേഷമാണ് മാദ്ധ്യമങ്ങളും അറിഞ്ഞത്.

സൂചനയുടെ മുഖങ്ങൾ

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പെട്ടെന്ന് ഡൽഹിയിലെത്താൻ തിങ്കളാഴ്‌ച വൈകിട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ വിളിപ്പിച്ചതും പ്രതിഷേധ പരിപാടി മുന്നിൽ കണ്ടെന്നാണ് സൂചന. തിങ്കളാഴ്‌ച രാത്രി 11മണിക്ക് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഇന്നലെ പകൽ ഒരു ചർച്ചയിലും പങ്കെടുത്തില്ല. പെട്ടെന്നുള്ള വരവായതിനാൽ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയും സാധിച്ചില്ല. വൈകിട്ട് രാഹുലുമായുള്ള ചർച്ചയ്‌ക്ക് കാത്തിരുന്നപ്പോഴാണ് പ്രധാനമന്ത്രിയുടെ സമര സ്ഥലത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ടത്. സമരത്തിൽ പങ്കെടുത്തശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയും ചെയ്‌തു.

സംസ്ഥാന മന്ത്രിസഭ പുനഃസംഘടനാചർച്ചകൾക്കായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും വരുത്തിയിരുന്നു. പ്രോട്ടോക്കോൾ സംരക്ഷണമുള്ള മുഖ്യമന്ത്രിമാരെ സമരവേദിയിൽ അണിനിരത്തിയതും ആസൂത്രിതമായി. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനത പാർട്ടിക്ക് ലഭിച്ച പ്രാധാന്യം മറികടക്കാൻ കോൺഗ്രസിന് ഇന്നലത്തേതുപോലുള്ള സമര പരിപാടി അനിവാര്യമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360