
ന്യൂഡൽഹി: അതിർത്തി തർക്കം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ, ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച വീണ്ടും പുനരാരംഭിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന ചർച്ചയിൽ നാഗാലൻഡിലെ ദിമാപൂരിനടുത്തുള്ള രംഗപഹാർ ആസ്ഥാനമായ സ്‌പിയർ കോർപ്‌സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ ഇന്ത്യൻ സംഘത്തെ നയിക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും ബീജിംഗിൽ നടത്തിയ അതിർത്തി ചർച്ചകളെത്തുടർന്നാണ് കമാൻഡർ തല ചർച്ച പുനരാരംഭിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു.
നാഗാലൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശിന്റെ മദ്ധ്യ, കിഴക്കൻ മേഖലകളിലെ നിയന്ത്രണരേഖാ പ്രവർത്തനം സ്‌പിയർ കോർപ്‌സിനു കീഴിലാണ്. കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് കഴിഞ്ഞദിവസം സ്‌പിയർ കോർപ്‌സ് സന്ദർശിച്ചിരുന്നു. അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്‌സിംഗ് പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നതിനിടെയാണിത്.
ചൈനയുടെ കമാൻഡുകളുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ലഖ്‌നൗ, കൊൽക്കത്ത ആർമി കമാൻഡ് ആസ്ഥാനങ്ങളിൽ ഹോട്ട്‌ലൈനുകൾ സ്ഥാപിക്കാനും സൈനിക കമാൻഡർ തല മീറ്റിംഗുകൾക്കായി കിഴക്കൻ മേഖലയിലും ഉത്തരാഖണ്ഡിലെ ജോഷിമഠിലും മീറ്റിംഗ് പോയിന്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അരുണാചൽ പ്രദേശിലെ തവാങ്ങിലും ലഡാക്കിലെ ചുഷുലിലുമാണ് മീറ്റിംഗ് പോയിന്റുള്ളത്. അതിർത്തിയിലെ നദീജല തർക്കം പരിഹരിക്കാനുള്ള യോഗം ഈ മാസം ചേരും. 12- 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |