
ന്യൂഡൽഹി: സിന്ധു നദിയിലെ ജലത്തിനായി പാകിസ്ഥാൻ നടത്തുന്ന പോർവിളിയും നിയമയുദ്ധവും അവഗണിച്ച് ലഡാക്കിലെ ഉപ്ഷിയിൽ ഇന്ത്യയുടെ ആദ്യ റോക്ക് ചെക്ക് ഡാം യാഥാർത്ഥ്യമായി. സിന്ധു ജലം ഇനി യഥേഷ്ടം പാകിസ്ഥാനിലേക്ക് ഒഴുകില്ല. ഇന്ത്യയുടെ ഭാഗത്തെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടി ഉയർന്നു. നാലു കോടി ലിറ്ററോളം വെള്ളം സംഭരിക്കാനും ജലസേചനം ഉറപ്പാക്കാനും കഴിയും. വേനൽക്കാലത്ത് ലഡാക്കിൽ ജലക്ഷാമം രൂക്ഷമായിരുന്നു. ജലനിരപ്പ് ഉയർത്തിയതോടെ ഇഗൂ- ഫേയ് കനാൽ വഴി വെള്ളം കൃഷിയിടങ്ങളിലെത്തിക്കാം. സിന്ധു ജലത്തെച്ചൊല്ലിയുള്ള ഇന്ത്യ- പാകിസ്ഥാൻ തർക്കം രൂക്ഷമായിരിക്കെയാണ് ജലസംഭരണ പദ്ധതികൾക്ക് വേഗം കൂട്ടുന്നത്.
താഴ്വാരത്തായി മലയിടുക്കിലെ ജലപാതയിൽ അഞ്ചടി ഉയരത്തിൽ തടയണ കെട്ടിയാണ് ജലപ്രവാഹം നിയന്ത്രിച്ചത്. 200 അടി നീളവും 30 അടി വീതിയും 15 അടി മുകൾവീതിയുമുള്ള അണക്കെട്ടിന് 500 കിലോഗ്രാം മുതൽ 10 ടൺ വരെ ഭാരമുള്ള പാറകളാണ് ഉപയോഗിച്ചത്. ഏകദേശം 180 ടൺ പാറകൾ ഉപയോഗിച്ച് മേയ് 12 മുതൽ 18 വരെ ഏഴ് ദിവസംകൊണ്ടാണ് അണക്കെട്ട് പൂർത്തിയാക്കിയത്. ചെലവ് 10 ലക്ഷം രൂപ. പാകിസ്ഥാനുമായുള്ള 1960ലെ സിന്ധുനദീ ജല ഉടമ്പടി ഇന്ത്യ 2025 ഏപ്രിലിൽ നിറുത്തിവച്ചിരുന്നു. പാകിസ്ഥാന്റെ ഹർജിയിൽ ഉടമ്പടി പ്രാബല്യത്തിലാണെന്ന് ആഗസ്റ്റ് 31ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി വിധിച്ചെങ്കിലും ഇന്ത്യ തള്ളി.
36 ഡാമുകൾ പിന്നാലെ
ഉപ്ഷി മാതൃകയിൽ ലഡാക്കിൽ 36 ചെക്ക് ഡാമുകൾ കൂടി നിർമ്മിക്കും. ഇതിനായി കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് 56 കോടിയിലധികം രൂപയുടെ പദ്ധതി സമർപ്പിച്ചു. ലേയിൽ സിന്ധു നദിക്ക് കുറുകെ ഏഴ് റോക്ക് ചെക്ക് ഡാമും കാർഗിലിൽ സുരു നദിയിൽ 29 ആർ.സി.സി ചെക്ക് ഡാമും നിർമ്മിക്കാനാണ് നീക്കം. 18,600 ഏക്കറിലധികം കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
റോക്ക് ചെക്ക് ഡാം
1.സിമെന്റോ കോൺക്രീറ്റോ ഉപയോഗിക്കില്ല
2.പാറകൾ നിരത്തി വേഗത്തിൽ നിർമ്മിക്കാനാകുന്ന ചെറിയ തടയണ
3.താരതമ്യേന ചെലവ് കുറവ്, പർവതപ്രദേശങ്ങളിൽ പ്രയോജനകരം
4.ജലനിരപ്പ് ഉയർത്താം
5.മണ്ണൊലിപ്പ് കുറച്ച്, കരസംരക്ഷണത്തിനും സഹായകം
6.ജലസേചനത്തിന് പ്രയോജനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |