SignIn
Kerala Kaumudi Online
Sunday, 06 September 2026 1.20 AM IST

സെക്കന്തരാബാദ് ആയുധക്കവർച്ച: അന്വേഷണത്തിന് എൻഐഎ സൈനികത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന്

k

ന്യൂഡൽഹി: സെക്കന്തരാബാദ് ബോല്ലാറാമിലെ സൈനിക ആയുധപ്പുരയിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും കവർച്ച പോയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഭീകരബന്ധം സംശയിച്ചതിനെ തുടർന്നാണിത്. ബോല്ലാറാമിശല മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ നിന്ന് ആഗസ്റ്റ് 30നാണ് ആയുധങ്ങൾ കാണാതായത്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും ആയുധങ്ങൾ കണ്ടെത്താനോ പ്രതികളെ തിരിച്ചറിയാനോ അന്വേഷണ സംഘത്തിനായില്ല. സൈനികതാവളത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ പരിജ്ഞാനമുള്ളവരാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് വിവരം. ഇതു കേന്ദ്രീകരിച്ചാണ് ഏജൻസി അന്വേഷണം നടത്തുന്നത്.

ആയുധപ്പുരയ്ക്ക് ചുറ്റുമുള്ള നിരീക്ഷണ ക്യാമറകൾ രാത്രി 10.30 മുതൽ രാവിലെ 7 വരെ പതിവായി ഓഫാക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അനുമതിയില്ലാതെ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയതിനു പിന്നിൽ ആരെന്നും പരിശോധിക്കുന്നുണ്ട്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഒറ്റയടിക്ക് ആയുധങ്ങൾ പുറത്തുകടത്താൻ സാദ്ധ്യതയില്ലെന്നും പല ദിവസങ്ങളിലായി കടത്തിയതാണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസവും അതിനു മുമ്പുള്ള ദിവസങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരെയും അടുത്തിടെ സ്ഥലംമാറിയവരെയും ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ 12 ആയുധങ്ങളും 1,900ലേറെ വെടിയുണ്ടകളും കാണാതായതായി കണ്ടെത്തിയിരുന്നു. നാല് എ.കെ 203 റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ഏഴ് പിസ്റ്റളുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്.

160 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ കണ്ടെത്തി

സൈനിക മേഖലയിലെ ഫയറിംഗ് റേഞ്ചിന് സമീപത്തുനിന്ന് 160 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ കണ്ടെത്തിയത് അന്വേഷണത്തിന് കൂടുതൽ വ്യാപ്തി കൂട്ടുന്നുണ്ട്. സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു. എൻ.ഐ.എയ്‌ക്കൊപ്പം സൈനിക ഇന്റലിജൻസ്, ഐ.ബി, തെലങ്കാന പൊലീസ് എന്നിവയും അന്വേഷണത്തിൽ പങ്കാളികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, WEAPONS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360