
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) പ്രക്ഷോഭത്തിനുപിന്നാലെ ഡൽഹിയിൽ സർക്കാർ ഏപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനങ്ങൾ. സമരത്തിന് പിന്തുണയുമായി യുവാക്കൾ ജന്തർ മന്ദറിലെത്തുന്നത് തടയാൻ മെട്രോസ്റ്റേഷനുകൾ അടച്ചതും ആശയവിനിമയം തടയാൻ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതുമുൾപ്പെടെ ജനങ്ങൾക്ക് ഇരുട്ടടിയായി.
രണ്ടുദിവസമായി സെൻട്രൽ ഡൽഹിക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകൾ പകൽ സമയം തുറക്കാറില്ല. ഇന്നലെ രാവിലെ 7.30 മുതൽ 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മെട്രോയുൾപ്പെടെ ഇതിൽപ്പെടുന്നു. സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനിൽ, ജോലിക്കാരെ തിരിച്ചറിയൽ കാർഡ് നോക്കി കയറ്റുന്നുണ്ട്. എന്നാൽ സാധാരണക്കാർക്ക് അകലെയുള്ള സ്റ്റേഷനുകളിൽ ഇറങ്ങി ഓട്ടോ പിടിക്കണം. ഇന്ത്യാ ഗേറ്റ്, പാർലമെന്റ്, സി.പി മേഖലകളിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ബസിൽ കയറാനും കഴിയില്ല. പല റോഡുകളും ബാരിക്കേഡ് വച്ച് അടച്ചതിനാൽ ഗതാഗതക്കുരുക്കും പതിവാണ്.
ജന്തർമന്ദറിന് ചുറ്റും മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചതും ജനങ്ങളെ ഏറെ വലയ്‌ക്കുന്നു. യു.പി.ഐ സേവനങ്ങളെയും ഊബർ, ഓല അടക്കം സേവനങ്ങളെയും ഇത് ബാധിച്ചു. ഫോൺ വിളിക്കാനാകുമെങ്കിലും ഇടയ്‌ക്കിടെ തടസപ്പെടും. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സെൻട്രൽ ഡൽഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ളേസിലെ കടകൾ ഇന്നലെ വൈകിട്ട് ആറരയോടെ പൊലീസ് അടപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |