SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

ഡൽഹി ഹോസ്റ്റൽ ദുരന്തം ഭൂകമ്പമെന്ന് ഭയന്നു

d

ന്യൂഡൽഹി: സത്യനികേതനിൽ ആൺകുട്ടികളുടെ പി.ജി കെട്ടിടം തകർന്നു വീണപ്പോൾ ഭൂകമ്പമാണെന്ന് കരുതി ഭയന്നുപോയെന്ന് സമീപ വാസികൾ. സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങി. ഉച്ചയ്ക്ക് 1.34 ഓടെ അപകട വിവരം ലഭിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡൽഹി പൊലീസ്, അഗ്നിശമന സേന എന്നിവ സംയുക്തമായാണ് കോൺക്രീറ്റ് കൂമ്പാരത്തിനിടയിൽ കുടുങ്ങിയവരെ രക്ഷിച്ചത്. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമായതിനാൽ നിരവധി പി.ജികളും ഹോസ്റ്റലുകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്ന ഇടുങ്ങിയ പ്രദേശത്ത് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായി.

15 മുറികളിലായി 40ൽ കൂടുതൽ വിദ്യാർത്ഥികൾ താമസിച്ചിരുന്നു. അവധി പ്രമാണിച്ച് പലരും വീടുകളിലേക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവായി. മുഖ്യമന്ത്രി രേഖാ ഗുപ്‌തയും ലെഫ്റ്റനന്റ് ഗവർണർ തരൻജിത് സിംഗ് സന്ധുവും സ്ഥലത്തെത്തി. ഗോവയിലെ ബി.ജെ.പി പരിപാടികൾ റദ്ദാക്കി ഡൽഹിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയിൽ നിന്ന് റിപ്പോർട്ട് തേടി. സംഭവം അന്വേഷിക്കാൻ ഡൽഹി സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഡൽഹി പൊലീസ് കേസെടുത്തു.

"ഡൽഹി സർക്കാരിന്റെ അശ്രദ്ധ കാരണം, അപകടങ്ങൾ തുടർക്കഥയാകുന്നു. സർക്കാർ ഉറക്കത്തിൽ നിന്നുണരണം. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. " -അരവിന്ദ് കേജ്‌രിവാൾ, ആംആദ്‌മി പാർട്ടി

അപകടത്തിന് ആക്കം കൂട്ടിയത് കെട്ടിടത്തിന്റെ പഴക്കം

ന്യൂഡൽഹി: ഡൽഹിയിൽ സർവകലാശാലാ കാമ്പസുകൾക്കും സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾക്കും സമീപം വിദ്യാർത്ഥികൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. മൂന്നു നിലകൾക്കുള്ള അനുമതി വാങ്ങി അഞ്ചു നിലവരെ കെട്ടിപ്പൊക്കിയാണ് സത്യനികേതനിൽ നിരവധി ഹോസ്റ്റലുകളും പിജികളും പ്രവർത്തിക്കുന്നത്. ഒരു മുറിക്കുള്ളിൽ നാലു വിദ്യാർത്ഥികളെ വരെ കുത്തിനിറച്ചാണ് താമസിപ്പിക്കുന്നത്. 20,000 രൂപ വരെ വാടകയും ഈടാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BULDING COLLAPSE, LATESTNEWS, DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360