SignIn
Kerala Kaumudi Online
Friday, 14 August 2026 1.35 AM IST

സുഖ്ബീർ സിംഗിന് നേരെ കൃപാണുകൊണ്ട് ആക്രമണം

s

മുംബയ്: ശിരോമണി അകാലിദൾ അദ്ധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്ര നന്ദേഡിലെ ഗുരുദ്വാര സന്ദർശിക്കാനെത്തിയ അദ്ദേഹത്തിനുനേരെ അക്രമി കൃപാൺ വീശുകയായിരുന്നു. വലതുകൈയ്ക്ക് പരിക്കേറ്റ സുഖ്ബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നിഹാംഗ് സിഖ് വിഭാഗത്തിൽപ്പെട്ട ജസ്പാൽ സിംഗ് തേജ്പാൽ എന്നയാളെ അറസ്റ്റ് ചെയ്തു.

പൂനെ സ്വദേശിയായ ഇയാൾ അഭിഭാഷകനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാദലിന്റെ ഭാര്യ ഹർസിമ്രത് കൗർ ബാദലുമായി ഫോണിൽ സംസാരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ഒരുക്കിയിരുന്നതായി പൊലീസ് അറിയിച്ചു. സുരക്ഷാവീഴ്ചയുണ്ടായതായി ശിരോമണി അകാലിദൾ നേതാക്കൾ ആരോപിച്ചു.

പഞ്ചാബിൽ നിന്ന് ഇന്നലെ രാവിലെ 11 ഓടെയാണ് സുഖ്ബീർ ഗുരുദ്വാര മാതാ സാഹിബ് ദേവൻ ജി മുഗട്ട് എന്ന സ്ഥലത്തെത്തിയത്. പ്രാർത്ഥനയ്ക്കുശേഷം ഉച്ചയ്ക്ക് 1.45ഓടെ പുറത്തിറങ്ങിയ ബാദലിനെ അക്രമി കൃപാണെടുത്ത് വീശുകയായിരുന്നു. ബാദലിനെ രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ സന്തോഷ് കേന്ദ്രെയ്ക്കും പരിക്കേറ്റു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. സാഹചര്യം വിലയിരുത്തുന്നതിനായി നന്ദേഡ് കളക്ടറും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ സ്ഥലത്തെത്തി.

മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനാണ് സുഖ്ബീർ സിംഗ് ബാദൽ. 2024 ഡിസംബറിൽ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വച്ച് ഖാലിസ്ഥാൻ പ്രവർത്തകൻ ബാദലിന് നേരെ വെടിയുതിർത്തിരുന്നു. അന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360