
ബംഗളൂരൂ: പാർക്കിംഗ് യാർഡിലുണ്ടായ വൻ തീപിടിത്തത്തിൽ 300ലധികം ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തി നശിച്ചു. ബംഗളൂരു രാമമൂർത്തി നഗറിലെ എൻ.ആർ.ഐ ലേഔട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്‌കൂട്ടറുകളാണ് കത്തിനശിച്ചത്. 500ലധികം സ്‌കൂട്ടറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാർ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകിട്ട് തിരിച്ചെത്തിക്കും. ഇതിനൊപ്പം സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും ഇവിടെയിട്ടിരുന്നു.
പതിവുപോലെ വൈകിട്ട് ഏഴിന് യാർഡിന്റെ ഗേറ്റ് പൂട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. എട്ടരയോടെ തീ ആളുന്നത് സമീപവാസികളാണ് ശ്രദ്ധിക്കുന്നത്. പെട്ടെന്ന് തീ സമീപത്തുള്ള വാഹനങ്ങളിലേക്കും പടർന്നു. നാല് മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഭൂരിഭാഗം വാഹനങ്ങളും പ്രവർത്തനക്ഷമമല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. ഡൽഹി കേന്ദ്രീകരിച്ചുള്ള വ്യവസായിയുടേതാണ് വാഹന കമ്പനി. പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |