
കൊൽക്കത്ത: ആർ.ജി കർ മാനഭംഗക്കേസ് നടന്ന് രണ്ടുവർഷത്തിനുശേഷം സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പാനിഹാട്ടിയിലെ എം.എൽ.എ ആയിരുന്ന നിർമൽ ഘോഷാണ് അറസ്റ്റിലായത്. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചെന്നാരോപിച്ച് യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിർമൽ ഘോഷ്, പാനിഹാട്ടി മുൻസിപ്പൽ ചെയർമാനായിരുന്ന സോമനാഥ് ദേ, മുൻ സി.പി.എം കൗൺസിലർ സഞ്ജീവ് മുഖർജി തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
2024 ആഗസ്റ്റ് ഒൻപതിനാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം ഡോക്ടറുടെ രണ്ടാം ചരമവാർഷിക ദിനത്തിലാണ് സംസ്‌കാരവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തത്.
ഡോക്ടറുടെ കുടുംബത്തിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. സംസ്‌കാരം നടത്താനുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങളുടെ ഒപ്പുകൾ ഇല്ലാത്തതുൾപ്പെടെ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. അയൽവാസികളാണ് സമ്മതപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. കൊൽക്കത്ത പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ, മാനഭംഗ- കൊലപാതക കേസ് സി.ബി.ഐ അന്വേഷിച്ചുവരികയാണ്. സി.ബി.ഐ അന്വേഷണത്തിൽ അന്നത്തെ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ, സിവിക് വോളണ്ടിയർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |