
ന്യൂഡൽഹി: വ്യോമസേനാ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ. നിലവിലെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് 31ന് വിരമിക്കും. അന്നേദിവസം ദീക്ഷിത് ചുമതലയേൽക്കും. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ് ദീക്ഷിത്. നാലുപതിറ്റാണ്ടോളം യുദ്ധവിമാന പൈലറ്റായിരുന്ന ദീക്ഷിത്, മിറാഷ് 2000, ജാഗ്വാർ, തേജസ് തുടങ്ങിയവ ഉൾപ്പെടെ വിവിധ വിമാനങ്ങളിലായി 3,500 മണിക്കൂറിലേറെ പറന്നിട്ടുണ്ട്.
പരീക്ഷണവിമാന പൈലറ്റും പരിശീലകനുമാണ്. ചീഫ് ഒഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫായും സെൻട്രൽ എയർ കമാൻഡ് മേധാവിയായും സേവനമനുഷ്ഠിച്ച ശേഷമാണ് വ്യോമസേനാ തലപ്പത്തെത്തുന്നത്. 2025 മേയ് മുതൽ കഴിഞ്ഞ ജൂൺവരെ ചീഫ് ഒഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫായിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക നടപടികളിലും വിവിധ സംയുക്ത സൈനിക അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
പടിഞ്ഞാറൻ മേഖലയിലെ മുൻനിര യുദ്ധവിമാനത്താവളത്തിന്റെയും തെക്കൻ മേഖലയിലെ പ്രധാന പരിശീലനത്താവളത്തിന്റെയും കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധ അക്കാഡമി, ബംഗ്ലാദേശിലെ ഡിഫൻസ് സ്റ്റാഫ് സർവീസ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. 2006ൽ വായുസേനാ മെഡലും 2011ൽ വിശിഷ്ട സേവാ മെഡലും 2023ൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ച ദീക്ഷിതിന് ഈ വർഷം പരമവിശിഷ്ട സേവാ മെഡലും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |