
ന്യൂഡൽഹി: ഇന്നലെ നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. പശ്ചിമബംഗാളിലെ നന്ദിഗ്രാം, റെജിനഗർ, തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടാഞ്ചാവടി നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിലുമായിരുന്നു വോട്ടെടുപ്പ്. 9നാണ് വോട്ടെണ്ണൽ.
ബംഗാളിലെ വോട്ടെടുപ്പിനിടെ നിരവധി പരാതികളും സംഘർഷവും റിപ്പോർട്ട് ചെയ്തു. റെജിനഗറിൽ എ.ജെ.യു.പി നേതാവ് ഹുമയൂൺ കബീർ പൊലീസുമായി വാക്കേറ്റത്തിലായതിനെ തുടർന്ന് അറസ്റ്റിലായി. പൊലീസ് വോട്ടെടുപ്പിൽ ഇടപെടുന്നുവെന്ന് കബീർ ആരോപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ക്രമം തടസപ്പെടുത്താനും വോട്ടർമാരെ സ്വാധീനിക്കാനും ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
നന്ദിഗ്രാമിൽ പോളിംഗ് ഏജന്റുമാരെ ബൂത്തുകളിൽ പ്രവേശിപ്പിച്ചില്ലെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ചില ബൂത്തുകളിൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഏജന്റുമാരെ തടഞ്ഞതായും പരാതിയുണ്ട്. സാർബേറിയയിൽ സി.പി.ഐ ഏജന്റിനെ മർദിച്ചെന്ന പരാതിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചക്രബേറിയയിൽ വോട്ടർമാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ആരോപണങ്ങളെ തുടർന്ന് നന്ദിഗ്രാമിലും റെജിനഗറിലും റീപോളിംഗ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി ആരോപണങ്ങൾ നിഷേധിച്ചു. പോളിംഗ് ശതമാനത്തിലും ബംഗാൾ മുന്നിട്ടുനിന്നു. നന്ദിഗ്രാമിൽ 79.39 ശതമാനവും റെജിനഗറിൽ 78.42 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
തമിഴ്നാട്ടിലെ മധുരാന്തകത്ത് വൈകിട്ട് അഞ്ചുവരെ 80.86 ശതമാനവും ധാരാപുരത്ത് 78.53 ശതമാനവും പോളിംഗ് നടന്നു. ധാരാപുരത്തെ ഒരു ബൂത്തിൽ പോളിംഗ് ഉദ്യോഗസ്ഥ ഒരു വോട്ടറോട് പ്രത്യേക സ്ഥാനാർത്ഥിയുടെ 'വിസിൽ' ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥയെ മാറ്റി.
മധുരാന്തകത്തെ ഒരു ബൂത്തിൽ ഇ.വി.എമ്മിലെ ചിഹ്നവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വോട്ടെടുപ്പ് താത്കാലികമായി നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ ഇ.വി.എം തകരാറിനെ തുടർന്ന് വോട്ടെടുപ്പ് ഏകദേശം മൂന്ന് മണിക്കൂർ തടസപ്പെട്ടു. രണ്ട് യന്ത്രങ്ങൾ മാറ്റിയിട്ടും തകരാർ തുടർന്നതോടെ വോട്ടർമാർ കാത്തുനിൽക്കേണ്ടിവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |