
ന്യൂഡൽഹി: ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030 ഓടെ 9.57 ലക്ഷം കോടി ഡോളറിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാര-വ്യവസായ ബന്ധം കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള നടപടികൾക്കും രൂപം നൽകി.
റഷ്യൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കും. റഷ്യൻ വ്യവസായ പ്രദർശനമായ ഇൻനോപ്രോം ഇന്ത്യയിലേക്കെത്തിക്കുന്നതിലൂടെ വ്യവസായ സഹകരണം ശക്തമാക്കും. ആണവ ഇന്ധനത്തിന്റെ ലഭ്യത മുതൽ പദ്ധതികളുടെ ദീർഘകാല പരിപാലനം വരെയുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ വിദഗ്‌ദ്ധ തൊഴിലാളികൾക്ക് റഷ്യയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതും ചർച്ചയായി. റഷ്യയിലെ വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇന്ത്യൻ നൈപുണ്യശേഷിക്ക് കൂടുതൽ അവസരം നൽകാനും ലക്ഷ്യമിട്ട് തൊഴിൽ സഹകരണം വിപുലപ്പെടുത്താനാണ് നീക്കം.
വൈദ്യുത വാഹനങ്ങൾ ഉൾപ്പെടെയുള്ള പുതിയ വ്യവസായങ്ങൾക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ മേഖലയിലും സഹകരണം വർദ്ധിപ്പിക്കും. രാജ്യത്തിന്റെ കാർഷിക ആവശ്യങ്ങൾക്ക് നിർണായകമായ വളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ തന്ത്രപ്രധാന സംയുക്ത സംരംഭങ്ങളിലൂടെ സഹകരണം തുടരാനും വിപുലപ്പെടുത്താനും തീരുമാനമായി.
യുക്രെയിൻ, പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. സംഘർഷങ്ങൾക്ക് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സ്ഥിതിഗതികളും ഇരു നേതാക്കളും വിലയിരുത്തി. സമാധാനശ്രമങ്ങൾക്ക് ഇന്ത്യ തുടർന്നും സംഭാവന നൽകുമെന്ന് മോദി വ്യക്തമാക്കി.
അടുത്ത ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി മോദിയെ റഷ്യയിലേക്ക് പുടിൻ ക്ഷണിച്ചു. ക്ഷണം മോദി സ്വീകരിച്ചു.
ഷീ ജിൻപിംഗ് ഇന്നെത്തും
ന്യൂഡൽഹി: ബ്രിക‌്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഏഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് വൈകിട്ട് കൂടിക്കാഴ്‌ച നടത്തും. 2020-ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ സംഘർഷത്തിനുശേഷം വഷളായ ഇന്ത്യാ-ചൈനാ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് ഇരു നേതാക്കളും.
ഇടയ്‌ക്ക് തടസപ്പെട്ട വാണിജ്യ-നിക്ഷേപ-ഉഭയകക്ഷി ബന്ധങ്ങൾ പുന:സ്ഥാപിക്കാൻ ചർച്ച വഴിയൊരുക്കിയേക്കും. പരസ്‌പരം താത്പര്യമുള്ള മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും നീക്കമുണ്ട്. അടുത്തിടെ റഷ്യയിലെ കസാനിലും ചൈനയിലെ ടിയാൻജിനിലും വച്ച് ഇരുവരും കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. കിർഗിസ്ഥാനിൽ കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ സൗഹൃദം പുതുക്കുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |