SignIn
Kerala Kaumudi Online
Monday, 14 September 2026 3.18 AM IST

യുക്രെയിൻ- റഷ്യ സംഘർഷം: ഇന്ത്യയുടെ മദ്ധ്യസ്ഥത സ്വാഗതം ചെയ്ത് പുടിൻ

READ ENGLISH VERSION
modi

മദ്ധ്യസ്ഥതയ്ക്ക് ഒപ്പമുണ്ട് ചൈനയും

ന്യൂഡൽഹി: യുക്രെയിനുമായുള്ള സംഘർഷം തീർക്കാൻ മദ്ധ്യസ്ഥത വഹിക്കാമെന്ന ഇന്ത്യയുടെയും ചൈനയുടെയും നിർദേശം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സ്വാഗതംചെയ്തതോടെ ബ്രിക്സ് ഉച്ചകോടിയിൽ വീണ്ടും ഇന്ത്യയുടെ നയതന്ത്ര തിളക്കം. ഇറാൻ, സൗദി, യു.എ.ഇ രാജ്യങ്ങളെ ഇണക്കി പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത‌തിന് പിന്നാലെയാണിത്. ഇന്ത്യയുടെ നയതന്ത്ര മികവു കണ്ട ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്നലെ കൊടിയിറങ്ങി.

ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് പുടിനുമായി നടത്തിയ പ്രത്യേക ചർച്ചകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും മധ്യസ്ഥതയ്‌ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.കഴിഞ്ഞ ദിവസം ഉഭയകക്ഷി ചർച്ചയിൽ പുടിനും മോദിയും യുക്രെയിൻ വിഷയം ചർച്ച ചെയ്‌തിരുന്നു. നാലു വർഷമായി തുടരുന്ന സംഘർഷം ഒത്തുതീർക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ വിജയം കാണാതിരിക്കേയാണ് ഇന്ത്യയുടെയും ചൈനയുടെയും ഇടപെടൽ പ്രതീക്ഷ നൽകുന്നത്. ഇരുരാജ്യങ്ങളുമായും നല്ലബന്ധത്തിലാണ് റഷ്യ. വാഗ്ദാനം പുടിൻ സ്വാഗതം ചെയ്‌തെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് വെളിപ്പെടുത്തിയത്.

'സംഘർഷ" പരാമർശം

ഒഴിവാക്കി വഴിയൊരുക്കി

# ബ്രിക്സ് ഉച്ചകോടിയുടെ സമാപന സംയുക്ത പ്രസ്‌താവനയിൽ യുക്രെയിൻ-റഷ്യ സംഘർഷ പരാമർശം ഒഴിവാക്കിയാണ് സമാധാന നീക്കത്തിന് വഴിയൊരുക്കിയത്. റഷ്യയുമായി നല്ലബന്ധം പുലർത്തുന്ന രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും നടത്തുന്ന മധ്യസ്ഥ നീക്കങ്ങൾ നിർണായകമാണ്.

# ആഗോള സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ബ്രിക്‌സ് വഴിയൊരുക്കുമെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് നൽകാൻ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിക്ക് സാധിച്ചു.

# ഇറാനെയും എതിർവശത്തുള്ള യു.എ.ഇ-സൗദി രാജ്യങ്ങളെയും ഒന്നിച്ചിരുത്തി പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം നിർദ്ദേശിക്കുന്ന സംയുക്ത പ്രസ്‌താവനയ്‌ക്ക് കളമൊരുക്കിയത് വൻ വിജയമായിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി.

ചൈനയ്‌ക്ക് ബാറ്റൺ

കൈമാറി ഇന്ത്യ

ചൈനയ്‌ക്ക് അദ്ധ്യക്ഷ പദവി കൈമാറിയാണ് 18-ാം ബ്രിക്‌സ് ഉച്ചകോടി സമാപിച്ചത്. കൈയൂക്കിന്റെ കരുത്തിൽ ലോകാധിപത്യം അംഗീകരിക്കാനാകില്ലെന്നും ലോകക്രമം എല്ലാവർക്കും ബാധകമാണെന്ന സന്ദേശം നൽകാൻ ബ്രിക്‌സിന് കഴിയണമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഉച്ചകോടിയിൽ യു.എസിനെ പരോക്ഷമായി ലക്ഷ്യംവച്ച് പറഞ്ഞു. പുതിയ ലോകക്രമത്തിൽ ബ്രിക്‌സിന്റെ സ്വാധീനവും അംഗരാജ്യങ്ങൾക്കിടയിലെ സഹകരണത്തിന്റ പ്രാധാന്യവും അവസാന ദിവസത്തെ സെഷനിൽ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360