SignIn
Kerala Kaumudi Online
Monday, 14 September 2026 4.04 AM IST

ബ്രിക്സ്: മാനസികാരോഗ്യ സഹകരണത്തിന് സംവിധാനം

brics

ന്യൂഡൽഹി: ചികിത്സ,​ ഗവേഷണം തുടങ്ങിയവയിൽ മികച്ച മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിക്സ് അംഗ രാജ്യങ്ങളിലെ മാനസികാരോഗ്യ സഹകരണത്തിന് സ്ഥിരം സംവിധാനം. ഇതിനായി അംഗരാജ്യങ്ങളിലെ മാനസികാരോഗ്യ മികവിന്റെ കേന്ദ്രങ്ങളുടെ ശൃംഖല രൂപീകരിക്കും. ഏകോപനച്ചുമതല ബംഗളൂരുവിലെ ദേശീയ മാനസികാരോഗ്യ നാഡീശാസ്ത്ര സ്ഥാപനമായ നിംഹാൻസിന്. ജൂലായിൽ ചണ്ഡിഗഡിൽ ചേർന്ന ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ യോഗം കൈക്കൊണ്ട തീരുമാനത്തിന് ന്യൂഡൽഹിയിലെ ബ്രിക്സ് ഉച്ചകോടി അന്തിമ അംഗീകാരം നൽകി. ഇതോടെ മാനസികാരോഗ്യം ബ്രിക്സ് ആരോഗ്യ സഹകരണത്തിലെ സ്ഥിരം അജൻഡയായി.

മാനസികാരോഗ്യ ഗവേഷണം ഏകോപിപ്പിക്കുക, ചികിത്സയിലും പരിചരണത്തിലും മികച്ച മാതൃകകൾ അംഗരാജ്യങ്ങൾക്കിടയിൽ കൈമാറുക, നയരൂപീകരണത്തിൽ സഹകരിക്കുക എന്നിവയാണ് ലക്ഷ്യം. അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംവിധാനത്തിലൂടെയാകും പ്രവർത്തനങ്ങളുടെ ഏകോപനം. മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമിക ആരോഗ്യപരിചരണ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനും ഊന്നൽ നൽകും.

1.ഏകോപനച്ചുമതല നിംഹാൻസിന് ലഭിച്ചതോടെ ഈ മേഖലയിൽ ഇന്ത്യയുടെ പങ്കാളിത്തവും നേതൃത്വവും കൂടുതൽ ശക്തമാകും. ദുരന്തങ്ങൾക്കും മറ്റ് പ്രതിസന്ധികൾക്കും ഇരയാകുന്ന കുട്ടികൾ, കൗമാരക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് മാനസികാരോഗ്യവും മാനസികസാമൂഹിക പിന്തുണയും ഉറപ്പാക്കുന്നതിന് പ്രത്യേക പരിഗണന

2.മാനസികാരോഗ്യ രംഗത്തെ മനുഷ്യ വിഭവശേഷിയുടെ കുറവ് പരിഹരിക്കാൻ പരിശീലനം ശക്തമാക്കൽ. ബ്രിക്സ് രാജ്യങ്ങളിലെ പരിശീലനകേന്ദ്രങ്ങളുടെ ശൃംഖല വികസിപ്പിക്കും. ഗവേഷണം, പരിശീലനം, നയരൂപീകരണം, ചികിത്സ എന്നിവയെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലേക്ക് കൊണ്ടുവരികയും ലക്ഷ്യം

ജീവിതശൈലീ രോഗങ്ങൾക്ക് എതിരെ കൂട്ടായ പദ്ധതി

ജീവിതശൈലീ രോഗങ്ങൾക്കെതിരെയും ബ്രിക്സ് രാജ്യങ്ങൾ കൂട്ടായ പ്രവർത്തനത്തിന് രൂപം നൽകി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2026-29 കർമ്മപദ്ധതിക്കും അംഗീകാരം. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, രോഗപ്രതിരോധം എന്നിവയിൽ സഹകരണം ശക്തമാക്കും. ഡിജിറ്റൽ ആരോഗ്യസേവനങ്ങളുടെ ഉപയോഗം, വിദൂര മേഖലകളിലെ ചികിത്സാ ലഭ്യത, പകർച്ചവ്യാധികൾ നേരത്തേ കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനം എന്നിവയിലും രാജ്യങ്ങൾ സഹകരിക്കും. പരമ്പരാഗതവും പൂരകവുമായ ചികിത്സാരീതികളിൽ ഗവേഷണത്തിനായി വിദഗ്ദ്ധ സംവിധാനം രൂപീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360