
ന്യൂഡൽഹി: പ്രവേശന പരീക്ഷ ക്രമക്കേടുകൾ തടയാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ അഭിഷേക് സിംഗ്. പരീക്ഷാ ലോഗുകൾ, ഡാറ്റ എന്നിവ ഉൾപ്പെടെ എ.ഐ ഉപയോഗിച്ച് സംശയകരമായ പ്രവർത്തനങ്ങൾ കണ്ടെത്തും. ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിക്സ് അംഗ രാജ്യങ്ങളുമായി ഉൾപ്പെടെ പരീക്ഷാ നടത്തിപ്പ്, ചോദ്യപേപ്പർ സുരക്ഷ, സാങ്കേതികവിദ്യ, പരീക്ഷാ ക്രമക്കേട് തടയൽ തുടങ്ങിയ മേഖലകളിൽ സഹകരിക്കും. എൻ.ടി.എ വികസിപ്പിക്കുന്ന പരീക്ഷാ സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങൾക്കും ഉപയോഗിക്കാവുന്ന 'ഡിജിറ്റൽ പബ്ലിക് ഗുഡ്' ആക്കുന്നതും പരിഗണനയിലുണ്ട്. ബ്രിക്സ് രാജ്യങ്ങൾ നേരിടുന്ന പരീക്ഷാ സുരക്ഷാ വെല്ലുവിളികൾ സമാനമാണെന്ന വിലയിരുത്തലിലാണ് സഹകരണ നീക്കം.
ചൈനയിൽ നിന്ന് പഠിക്കും
1.ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചൈനയിലെ 'ഗാവ്കാവോ' പ്രവേശനപരീക്ഷയുടെ വിപുലമായ സുരക്ഷാ, നടത്തിപ്പ് സംവിധാനം എന്നിവ എൻ.ടി.എ പഠിക്കും.
2.ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ പരീക്ഷാ നടത്തിപ്പ് വരെയുള്ള മേഖലകളിൽ ബ്രിക്സ് രാജ്യങ്ങളുമായി അറിവ് പങ്കിടും
നീറ്റ് പരീക്ഷ ഓൺലൈനിൽ
പിഴവുകളും ക്രമക്കേടുകളും ഒഴിവാക്കാൻ അടുത്ത വർഷം മുതൽ നീറ്റ് യു.ജി പരീക്ഷ ഓൺലൈനിലാക്കും. മറ്റ് പ്രവേശന പരീക്ഷകളും ഘട്ടംഘട്ടമായി ഓൺലൈനാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |