
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ യു.പി.ഐക്ക് പുതിയ അന്താരാഷ്ട്ര വിപണി തുറക്കും. അതിർത്തി കടന്നുള്ള പണമിടപാടുകൾ വേഗത്തിലും കുറഞ്ഞ ചെലവിലും സുരക്ഷിതമായും നടത്തുകയാണ് ലക്ഷ്യം. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സാങ്കേതികവിദ്യ ബ്രിക്സ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇതിലൂടെ വഴിയൊരുങ്ങും.
പേയ്‌മെന്റ്, സന്ദേശവിനിമയ സംവിധാനങ്ങളുടെ പരസ്പരബന്ധം സംബന്ധിച്ച സാങ്കേതിക പ്രവർത്തനം തുടരാൻ ഡൽഹി പ്രഖ്യാപനം നിർദ്ദേശിച്ചിട്ടുണ്ട്. ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്സിനാണ് ചുമതല. വിവിധ രാജ്യങ്ങളുടെ സംവിധാനങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം സാധ്യമാക്കുന്നതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളാണ് പരിശോധിക്കുന്നത്.
55 കോടിയിലേറെ
ഉപയോക്താക്കൾ
നിലവിൽ യു.പി.ഐക്ക് 55 കോടിയിലേറെ ഉപയോക്താക്കളുണ്ട്. 2026 ആഗസ്റ്റിൽ മാത്രം 2,451 കോടി ഇടപാടുകളിലൂടെ ഏകദേശം 31.4 ലക്ഷം കോടിയുടെ ഇടപാട് നടന്നു. നിലവിൽ സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, നേപ്പാൾ ഉൾപ്പെടെ 11 രാജ്യങ്ങളിൽ യു.പി.ഐ അടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര സേവനങ്ങൾ ലഭ്യമാണ്.
ബ്രസീലിന്റെ തത്ക്ഷണ പേയ്‌മെന്റ് സംവിധാനമായ പിക്സും യു.പി.ഐയും വൻ തോതിൽ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്. ഇരു സംവിധാനങ്ങളെയും ഉൾപ്പെടെ പ്രാദേശിക പേയ്‌മെന്റ് ശൃംഖലകൾ തമ്മിലുള്ള ബന്ധം ശക്തമായാൽ, ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വിനോദസഞ്ചാരം, ചെറുകിട വ്യാപാരം, സേവനമേഖല, വ്യക്തിഗത പണമിടപാട് എന്നിവയിൽ നേരിട്ടുള്ള ഡിജിറ്റൽ പേയ്‌മെന്റിന് കൂടുതൽ സാദ്ധ്യതയുണ്ടാകും.
ഡോളറിന്
ബദൽ മാത്രമല്ല
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ദേശീയ കറൻസികളിൽ നടത്തുന്നത് പ്രോത്സാഹിപ്പിക്കാനും പ്രഖ്യാപനം നിർദ്ദേശിക്കുന്നു. അതിനാൽ ലക്ഷ്യം ഒരു പുതിയ ബ്രിക്സ് കറൻസി പുറത്തിറക്കുക എന്നതിലുപരി, നിലവിലുള്ള ദേശീയ കറൻസികളിലും പേയ്‌മെന്റ് സംവിധാനങ്ങളിലും അതിർത്തി കടന്നുള്ള ഇടപാടുകൾ എളുപ്പമാക്കുകയാണ്.
ഇന്ത്യയ്ക്ക് ഇതിന്റെ നേട്ടം യു.പി.ഐയിൽ മാത്രം ഒതുങ്ങില്ല. പേയ്‌മെന്റ് സുരക്ഷ, തത്സമയ ഇടപാട്, ഡിജിറ്റൽ തിരിച്ചറിയൽ, സാമ്പത്തിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ സംവിധാനങ്ങൾ ബ്രിക്സ് വിപണിയിൽ എത്തിക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |