SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.44 AM IST

സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ജഡ്‌ജിമാർക്കില്ലാത്ത നിയമ പരിരക്ഷ തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക്?​

e

ന്യൂഡൽഹി: ജഡ്‌ജിമാർക്കില്ലാത്ത നിയമ പരിരക്ഷയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കുമെന്ന് സുപ്രീം കോടതി. 2023ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിൽ ഉദ്യോഗസ്ഥർക്ക് സംരക്ഷണമൊരുക്കിയതു സൂചിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ​ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്യാനേഷിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹ‌ർജികളിൽ കഴിഞ്ഞ ദിവസം വാദം കേൾക്കുകയായിരുന്നു.

ഔദ്യോഗിക കൃത്യനി‌ർവഹണത്തിനിടെയുള്ള പ്രവൃത്തികളുടെ പേരിൽ സിവിൽ, ക്രിമിനൽ കോടതി നടപടികൾ പാടില്ലെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥ ഹർജിക്കാരുടെ അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടി. ഇത്തരം സംരക്ഷണം രാഷ്ട്രപതിക്ക് മാത്രമായിരുന്നുവെന്നും ജഡ്‌ജിമാർക്കു പോലുമില്ലെന്നും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. പ്രധാനമന്ത്രിക്കുപോലും ഇങ്ങനെ പരിരക്ഷയില്ലെന്ന് അഭിഭാഷകൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ സുപ്രീംകോടതി ജഡ്‌ജിമാരേക്കാൾ ഉയർന്ന പീഠത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മിഷനെ മറ്റു ഭരണഘടനാ സ്ഥാപനത്തേക്കാളും ബലപ്പെടുത്തിയിരിക്കുകയാണെന്നും അഡ്വ. വികാസ് സിംഗ് പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഫോം 6ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെന്ന് ഇതേ ബെഞ്ച് വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന് വ്യവസ്ഥയുണ്ട്

1985ലെ ജഡ്‌ജസ് പ്രൊട്ടക്ഷൻ നിയമത്തിൽ സുപ്രീംകോടതി ഹൈക്കോടതി ജഡ്‌ജിമാർക്ക് നിയമപരിരക്ഷ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഔദ്യോഗിക ചുമതല കൃത്യമായി നിർവഹിച്ചതിന്റെ പേരിൽ ഒരു കോടതിയും ജ‌ഡ്‌ജിക്കെതിരെ സിവിൽ,ക്രിമിനൽ നടപടികൾ സ്വീകരിക്കരുതെന്നായിരുന്നു വ്യവസ്ഥ. എന്നാലത് സമ്പൂർണ സംരക്ഷണമായിരുന്നില്ല.

പെരുമാറ്റ ദൂഷ്യവും ക്രമക്കേടും അടക്കം ആരോപണമുയർന്നാൽ സിറ്റിംഗ്, റിട്ട. ജഡ്‌ജിമാർക്കെതിരെ സിവിൽ, ക്രിമിനൽ, വകുപ്പുതല നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും അധികാരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അത്തരത്തിലുള്ള വ്യവസ്ഥ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിലില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, LATESTNEWS, SUPREMECOURT, ELECTION COMMISSIONERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360