
ഇന്ത്യ- വിൻഡീസ് രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് റാഞ്ചിയിൽ
റാഞ്ചി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. കഴിഞ്ഞ ദിവസം ലക്നൗവിൽ നടന്ന ആദ്യമത്സരത്തിൽ എട്ടുവിക്കറ്റിന് ജയിച്ചിരുന്ന ഇന്ത്യ അഞ്ചുമത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ലക്നൗവിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 19.1 ഓവറിൽ 171 റൺസിൽ ഒതുക്കിയശേഷം14.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കാണുകയായിരുന്നു.
ക്യാപ്ടൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയാണ് ഈസി ചേസിംഗിന് വഴിയൊരുക്കിയത്. ശ്രേയസ് 43 പന്തുകളിൽ 10 ഫോറും ആറ് സിക്സുമടക്കം 102 റൺസ് നേടി പുറത്താകാതെനിന്നു. ഇഷാൻ കിഷൻ 37 റൺസുമായി പുറത്താകാതെ നിന്നു. അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി നമാൻ ധിർ ബൗളിംഗിൽ തിളങ്ങി. കുൽദീപും അക്ഷർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതവും അർഷ്ദീപ് സിംഗും മയാങ്ക് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ക്യാപ്ടൻ ഷായ് ഹോപ്പിന്റേയും (52), ഷെർഫാനെ റുതർഫോഡിന്റെയും (56) അർദ്ധസെഞ്ച്വറികൾ മാത്രമാണ് വിൻഡീസിന് തണലായത്. ഇരുവരെയും കൂടാതെ അരങ്ങേറ്റക്കാരൻ കാമിൽ പുരാനും (12), വാലറ്റക്കാരൻ അകീൽ ഹൊസൈനും (15) മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.
സമ്മർദ്ദം സഞ്ജുവിൽ
ഏഷ്യൻ ഗെയിംസിൽ ഫോമിലല്ലായിരുന്ന മലയാളിതാരം സഞ്ജു സാംസണിനെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ അവസരം ലഭിച്ചാൽ മുതലാക്കേണ്ടത് അനിവാര്യമാണ്. സെപ്തംബർ 17ന് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 50 റൺസടിച്ചശേഷമുള്ള നാല് മത്സരങ്ങളിൽ 9,7,2,11 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ. അഞ്ച് മത്സരങ്ങളുടെ പരമ്പരയായതിനാൽ വൈഭവിന് അവസരം കൊടുക്കേണ്ടിവരും. സഞ്ജു ഫോമിലല്ലെങ്കിൽ വൈഭവിന്റെ വരവ് നേരത്തേയാകും.മികച്ച ഒരു ഇന്നിംഗ്സ്കൊണ്ട് സാഹചര്യം തനിക്ക് അനുകൂലമാക്കാൻ സഞ്ജുവിന് കഴിയുന്നതേയുള്ളൂ. പേസർ മയാങ്ക് യാദവിന് പകരം പ്രിൻസ് യാദവിന് ഇന്ന് അവസരം നൽകിയേക്കും.
സാദ്ധ്യത ഇലവനുകൾ
ഇന്ത്യ : അഭിഷേക് ശർമ്മ,സഞ്ജു സാംസൺ, ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ, തിലക് വർമ്മ,ശിവം ദുബെ,നമാൻ ധിർ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്, പ്രിൻസ് യാദവ്,അർഷ്ദീപ് സിംഗ്.
വിൻഡീസ് : ഷായ് ഹോപ്പ്, കാമിൽ പുരാൻ,ഷിമ്രോൺ ഹെറ്റ്മേയർ,റോവ്മാൻ പവൽ,റൂതർഫോഡ്,ഷെപ്പേഡ്,റോസ്റ്റൺ ചേസ്, ഷമർ സ്പ്രിൻഗർ,ഷമർ ജോസഫ്,അകീൽ ഹൊസൈൻ,മാത്യു ഫോഡെ. രാത്രി ഏഴ് മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |