SignIn
Kerala Kaumudi Online
Friday, 09 October 2026 1.36 PM IST

കീപ്പിംഗ് ഇനി സഞ്ജുവിനെ തുണച്ചേക്കില്ല, പുതിയ എതിരാളി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിക്കാൻ യുവതാരത്തിന്റെ നീക്കം

sanju-samson
സഞ്ജു സാംസൺ

മുംബയ്: ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച താരങ്ങളുടെ വലിയ നിരയാണ് ഇപ്പോഴുള്ളത്. ആർക്ക് സ്ഥാനം ലഭിക്കുമെന്നും പുറത്തിരിക്കേണ്ടിവരുമെന്നതും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. ട്വന്റി20 ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് പോലും കടുത്ത മത്സരമുണ്ട്. സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരിൽ ആരെ ഓപ്പണറായി ഇറക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം മിക്കപ്പോഴും സെലക്ടർമാർക്ക് കടുത്ത തലവേദനയാണ്.

വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ എന്ന റോളാണ് മലയാളി താരം സഞ്ജുവിന് മിക്കപ്പോഴും മുതൽക്കൂട്ടാകുന്നത്. ബാറ്റിംഗിൽ തുടർച്ചയായ ഫോം നിലനിർത്താൻ കഴിയാതെ താരം ബുദ്ധിമുട്ടുന്നതിനിടയിലാണ് മികച്ച പ്രകടനവുമായി വൈഭവിന്റെ വരവ്. ഇപ്പോഴിതാ, ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗിലും പരിശീലനം ആരംഭിച്ചിരിക്കുകയാണ് മറ്റൊരു താരം. ബാറ്റ്സ്മാനായ യശസ്വി ജയ്‌സ്വാളാണ് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നത്.

2026-27 രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി മുംബയ് ടീമിന്റെ പരിശീലനത്തിനിടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ധരിച്ച് പരിശീലനം നടത്തുന്ന ജയ്‌സ്വാളിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുംബയ്‌യുടെ പരിശീലന മത്സരത്തിനിടെ പത്ത് ഓവറോളം താരം വിക്കറ്റ് കീപ്പിംഗ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ജയ്‌സ്വാൾ വിക്കറ്റ് കീപ്പിംഗ് പരിശീലനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുംബയ് ര‌ഞ്ജിടീമിന്റെ ക്യാപ്റ്റൻ സിദ്ധേഷ് ലാഡ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന ഓപ്പണർമാരിലൊരാളാണ് ജയ്‌സ്വാൾ. എന്നാൽ ഏകദിന,ട്വന്റി20 ടീമുകളിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നത്. ഏകദിനത്തിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മികച്ച ഫോമിൽ തുടരുന്നതിനാൽ താരത്തിന് അവസരം ലഭിക്കാൻ ഏറെ പ്രയാസമാണ്. ട്വന്റി20യിൽ നിലവിലെ താരങ്ങൾക്ക് പോലും കൃത്യമായി അവസരം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഈ ഘട്ടത്തിൽ വിക്കറ്റ് കീപ്പിംഗ് കൂടി പഠിക്കുന്നത് ജയ്‌സ്വാളിന് ടീമിൽ കൂടുതൽ സാദ്ധ്യതകൾ ലഭിക്കാൻ സഹായിച്ചേക്കും. ബാറ്റ്സ്മാൻ എന്ന ഒറ്റ റോളിൽ ഒതുങ്ങാതെ മറ്റൊരു മേഖലയിൽ കൂടി വൈദഗ്ദ്ധ്യം തെളിയിക്കാനായാൽ ടീമിലെ സ്ഥിര നാന്നിദ്ധ്യമാകാം എന്നാണ് താരത്തിന്റെ പ്രതീക്ഷ. ജയ്‌സ്വാളും വിക്കറ്റ് കീപ്പിംഗിൽ മികവ് തെളിയിച്ചാൽ സഞ്ജുവിന്റെ ടീമിലെ സ്ഥാനം കുറച്ചുകൂടി പ്രതിസന്ധിയിലാകും.

English Summary

Yashasvi Jaiswal has reportedly commenced wicket-keeping training during Mumbai Ranji team practice sessions, aiming to enhance his selection prospects across formats. Facing intense competition for limited-overs spots, Jaiswal's acquisition of this new skill could provide him with more opportunities. This development further intensifies the competition for the wicketkeeper-batsman role, potentially impacting players like Sanju Samson.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, YASHASVI JAISWAL, INDIAN CRICKET TEAM, WICKETKEEPING COMPETITION, YASHASVI JAISWAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360