SignIn
Kerala Kaumudi Online
Saturday, 04 July 2026 11.45 PM IST

പെട്രോൾ നികുതി രണ്ടിരട്ടിയും ഡീസൽ നികുതി മൂന്നിരട്ടിയും കൂടി

petrol-

ന്യൂഡൽഹി: ഏഴുവർഷം കൊണ്ട് പെട്രോളിന്റെ കേന്ദ്ര നികുതി രണ്ടിരട്ടിയും ഡീസലിന് മൂന്നിരട്ടിയുമായി കുതിച്ചു കയറിയെന്ന് കേന്ദ്രസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ കെ. സുധാകൻ എം.പിയെ അറിയിച്ചു.
കേന്ദ്ര നികുതി 2015ൽ പെട്രോളിന് 18.64 രൂപയും ഡീസലിന് 12.62 രൂപയുമായിരുന്നത് ഇപ്പോൾ യഥാക്രമം 34.10 രൂപയും 34.20 രൂപയുമാണ്. ഇതിന് പുറമെ സംസ്ഥാന സർക്കാരും നികുതി ചുമത്തി. എക്‌സൈസ് നികുതി കൂട്ടിയതിലൂടെ കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ 88 ശതമാനം വർദ്ധനയുണ്ടായി. രാജ്യത്ത് 2021 ജനുവരി ഒന്നു മുതൽ ജൂലായ് 9 വരെ 63 തവണ പെട്രോളിന്റെയും 61 തവണ ഡീസലിന്റെയും 5 തവണ ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വില കൂട്ടിയെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

പ്രതിഷേധം

ഇന്ധന വില വർദ്ധനവിനെതിരെ ലോക്‌സഭയിൽ തോമസ് ചാഴികാടൻ എം.പി പ്രതിഷേധിച്ചു. വില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ദുഷ്‌കരമാക്കുകയും, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2014ൽ ലോക രാജ്യങ്ങളിൽ ക്രൂഡോയിൽ വില ബാരലിന് 105 ഡോളർ ആയിരുന്നത് ഇപ്പോൾ 72 ഡോളറായി കുറഞ്ഞതിന്റെ പ്രയോജനം സാധാരണക്കാരന് ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം ക്രൂഡോയിൽ വില ബാരലിന് 25 ഡോളർ വരെ കുറഞ്ഞിരുന്നു.

നിരന്തരമായ ഈ വിലവർദ്ധനവ് സാധാരണ പൗരന് താങ്ങാൻ കഴിയാത്തതും, ജനങ്ങളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്നതുമാണ്.

കൊവിഡ് സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും തീരുവ ഗണ്യമായി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PETROL PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360