SignIn
Kerala Kaumudi Online
Wednesday, 01 July 2026 7.34 AM IST

മുല്ലപ്പെരിയാർ: പാർലമെന്റിന് മുന്നിൽ കേരളത്തിന്റെ പ്രതിഷേധം

mullaprotest

ന്യൂഡൽഹി:മുന്നറിയിപ്പുപോലും തരാതെ തമിഴ്നാട് രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നതിലുള്ള പ്രതിഷേധവും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും ഇന്നലെ പാർലമെന്റിലും മുഴങ്ങി.

യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം പാർലമെന്റിന് മുന്നിലായിരുന്നു. ലോക് സഭയിൽ അടിയന്തര പ്രമേയാനുമതി കിട്ടിയില്ലെങ്കിലും ശൂന്യവേളയിൽ എൻ.കെ. പ്രേമചന്ദ്രൻ വിഷയം ഉയർത്തി.രാജ്യസഭയിൽ ഡാം സുരക്ഷാ ബിൽ പാസാക്കുന്നതിന് മുമ്പ് ബി.ജെ.പി അംഗം അൽഫോൺസ് കണ്ണന്താനവും വൈകാരികമായി പ്രതികരിച്ചു. സഭ ചേരുന്നതിന് മുമ്പായിരുന്നു പാർലമെന്റിന് മുന്നിലെ പ്രതിഷേധം.

കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം, കേരളത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ശശി തരൂർ, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ,ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ടി. മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ,ഡീൻ കുര്യാക്കോസ്, രാജ് മോഹൻ ഉണ്ണിത്താൻ,രമ്യ ഹരിദാസ്, അബ്ദുൾ സമദാനി തുടങ്ങിയവർ പ്രതിഷേധിച്ചത്.

അതീവ സുരക്ഷാ ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുന്നറിയിപ്പില്ലാതെ രാത്രി 3 ഷട്ടറുകൾ തുറന്നത് നിയമ ലംഘനമാണെന്നും ശൂന്യവേളയിൽ പ്രേമചന്ദ്രൻ പറഞ്ഞു.

ഇതോടെ ടി.ആർ.ബാലുവിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് അംഗങ്ങൾ എഴുന്നേറ്റ് ബഹളമുണ്ടാക്കി. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കേരള എം.പിമാരും പ്രതികരിച്ചതോടെ ശബ്‌ദായമാനമായി.ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ചൗഹാൻ സഭയിലുണ്ടായിരുന്നെങ്കിലും പ്രതികരിച്ചില്ല. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വിഷയമാണെന്ന് സഭയ്ക്ക് പുറത്ത് അദ്ദേഹം പ്രതികരിച്ചു.

കാലുപിടിക്കാം:കണ്ണന്താനം

മുല്ലപ്പെരിയാർ അണക്കെട്ട് മൂലം കേരളത്തിലുള്ളവരുടെ ഉറക്കം നഷ്‌ടമായെന്നും പുതിയ അണക്കെട്ട് അനിവാര്യമാണെന്നും അത് ബോധ്യപ്പെടുത്താൻ തമിഴ്നാട്ടുകാരുടെ കാലുപിടിക്കാൻ തയ്യാറാണെന്നും അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ ഡാം സുരക്ഷാ ബില്ലിന്റെ ചർച്ചയിൽ വൈകാരികമായി പ്രതികരിച്ചു.

അണക്കെട്ട് തകർന്നാൽ ലക്ഷക്കണക്കിന് ആളുകളാണ് ഇല്ലാതാകുക. അണുബോംബ് സ്‌ഫോടനം നടന്ന ഹിരോഷിമ, നാഗസാക്കിയെക്കാളും വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

` വൃഷ്ടി പ്രദേശത്ത് ദിനംപ്രതി കനത്തമഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ട് സുരക്ഷിതമായി നിലനിറുത്താനാകില്ല. പുതിയത് നിർമ്മിച്ചേ തീരൂ.

-ഡീൻ കുര്യാക്കോസ്.'

ഇടുക്കി എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360