SignIn
Kerala Kaumudi Online
Thursday, 17 September 2026 10.29 PM IST

ബീഹാറിലെ സഖ്യനീക്കം യാദൃച്ഛികം ആയിരുന്നുവെന്ന് തേജസ്വി യാദവ്, മോദിക്ക് നയിക്കാൻ കഴിയുമെങ്കിൽ നിതീഷിനും ആകും

thejaswi-yadav

പാട്ന: ബീഹാറിൽ ബി.ജെ.പി സഖ്യം വിട്ട് മറ്റ് പ്രതിപക്ഷ കക്ഷികളുടെ മഹാമുന്നണിയുടെ സഹായത്തോടെ പുതിയ സർക്കാർ രൂപീകരിക്കാൻ നിതിഷ്‌കുമാറിന് പിന്തുണ നൽകിയത് യാദൃച്ഛികമായിട്ടായിരുന്നുവെന്ന് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ തേജസ്വി യാദവ് പറഞ്ഞു. ഏതാണ്ട് മൂന്നുവർഷം മുമ്പ് നിതീഷുമായി പിരിഞ്ഞെങ്കിലും അദ്ദേഹം അസ്വസ്ഥനായരുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ബി.ജെ.പി അദ്ദേഹത്തെ ചില ലക്ഷ്യങ്ങൾക്കായി വശംവദനാക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തന്നെ ഞങ്ങൾക്കത് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. ഒന്നും നേരത്തെ നിശ്ചയിച്ചുറപ്പിച്ച കാര്യമായിരുന്നില്ല. രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന ഇരുപാർട്ടികളിലെയും എം.എൽ.എമാർ പെട്ടെന്ന് ഒത്തുചേർന്നു. നിതീഷ് രാജി സമർപ്പിച്ചതോടെ തങ്ങളുടെ എം.എൽ.എമാർക്കും കാര്യങ്ങൾ ബോദ്ധ്യമായതായും തേജസ്വി ഒരു ദേശീയ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു.

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നയിക്കാൻ നിതീഷിന് ആകുമോയെന്ന ചോദ്യത്തിന്, ''ഭരണപരമായ കാര്യങ്ങളിൽ പരിചയമുള്ളയാളാണ് നിതീഷ്, നരേന്ദ്രമോദിക്ക് ആകാമെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് ആയിക്കൂടാ"" എന്നായിരുന്നു മറുപടി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിരുന്ന് ദിശ നിശ്ചയിക്കണം. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയക്കുന്നില്ല. രാഷ്ട്രീയ പക തീർക്കാൻ പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഇൗ പ്രതികരണം. ''ഇ.ഡിയെ ഞാൻ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. ഇവിടെ വന്ന് താമസിക്കട്ടെ. കേന്ദ്ര അന്വഷണ ഏജൻസികൾ എന്റെ വീട്ടിൽ ഒാഫീസ് തുറക്കട്ടെ. ഇൗ ചാനലിലൂടെ ക്ഷണം നൽകുകയാണ്. കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ പാർട്ടി സെൽ പോലെയാണ് പ്രവർത്തിക്കുന്നത്."" എന്നും തേജസ്വി പറഞ്ഞു.

ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് റയിൽവേമന്ത്രിയായിരിക്കെ വഴിവിട്ട സഹായം നൽകി എന്ന ആരോപണത്തെ തുടർന്ന് ലാലുവിന്റെ ഭാര്യ റാബ്റി ദേവി, തേജസ്വി യാദവ് തുടങ്ങിയവർക്കെതിര സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, THEJASWI YADAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360