ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയുടെ അടുത്ത പത്ത് ട്വന്റി20 മത്സരങ്ങളിലും അഭിഷേക് ശർമയും സഞ്ജു സാംസണും ഓപ്പണർമാരായി തുടരണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ഓരോ പരമ്പരയിലും ഓപ്പണർമാരെ മാറ്റുന്നതിന് പകരം ഒരു കൂട്ടുകെട്ടിന് തുടർച്ചയായി അവസരം നൽകി പ്രകടനം വിലയിരുത്തണമെന്നാണ് ബദ്രിനാഥിന്റെ അഭിപ്രായം. സഞ്ജുവിനെയും വൈഭവ് സൂര്യവംശിയെയും മാറിമാറി പരീക്ഷിക്കുന്ന രീതി ഒഴിവാക്കണമെന്നും ബദ്രിനാഥ് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു തിരിച്ചെത്തിയതോടെ സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ സൂര്യവംശിക്ക് ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. 'ഈ പരമ്പരയ്ക്ക് ശേഷം അടുത്ത 10 ട്വന്റി20കളിൽ അഭിഷേക് ശർമയും സഞ്ജു സാംസണും ഓപ്പൺ ചെയ്യണം. അതിന് ശേഷം സഞ്ജു പരാജയപ്പെട്ടാൽ അദ്ദേഹത്തെ ഒഴിവാക്കി സൂര്യവംശിയെ ടീമിലെടുക്കാം. ഓരോ പരമ്പരയിലും ഇരുവരെയും മാറിമാറി പരീക്ഷിക്കുന്നതിന് പകരം ഈ രീതിയാണ് പിന്തുടരേണ്ടത്. സഞ്ജുവിനോട് ഇത് അനീതിയായെന്ന് എനിക്ക് തോന്നുന്നു,'
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യിൽ അഭിഷേക് ശർമ മികച്ച പ്രകടനമാണ് നടത്തിയത്. വെറും 32 പന്തിൽ 82 റൺസെടുത്ത താരം ഏഴ് സിക്സും ഏഴ് ഫോറും നേടി. 157 റൺസ് വിജയലക്ഷ്യം ഇന്ത്യ 38 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അതോടെ അഭിഷേകിന്റെ സ്ഥാനം ഉറപ്പാകുകയും അദ്ദേഹത്തിന്റെ കൂടെ ആര് ഓപ്പൺ ചെയ്യും എന്ന നിലയിലായി ചർച്ച. ആദ്യ മത്സരത്തിൽ 10 റൺസിന് സഞ്ജു പുറത്തായെങ്കിലും രണ്ടാമത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22 പന്തിൽ 57 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
'സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ഒരു അർദ്ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. വർഷാവസാനം വരെ അദ്ദേഹത്തിന് തുടർച്ചയായി അവസരം നൽകണമെന്നാണ് എന്റെ അഭിപ്രായം. രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള സഞ്ജു ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കും നയിച്ചിട്ടുണ്ട്. വൈഭവ് സൂര്യവംശിയെപ്പോലെ അസാധാരണ പ്രകടനങ്ങൾ നടത്തിയിട്ടില്ലെങ്കിലും സഞ്ജു നേരത്തെ തന്നെ ടീമിന്റെ ഭാഗമായിരുന്നു. അങ്ങനെയിരിക്കെ മറ്റൊരു യുവതാരത്തെ ഉൾപ്പെടുത്താൻ സഞ്ജുവിനെ ഒഴിവാക്കേണ്ടതെന്തിന്? അദ്ദേഹത്തിന് തുടർച്ചയായി അവസരം നൽകിയ ശേഷം തീരുമാനമെടുക്കാം.'- ബദ്രിനാഥ് പറഞ്ഞു.
Former Indian cricketer S. Badrinath has advocated for Abhishek Sharma and Sanju Samson to continue as India's T20 openers for the next ten matches after the Afghanistan series. Badrinath stressed giving a consistent opening pair extended opportunities to perform, rather than frequently rotating players like Samson and Vaibhav Suryavanshi for better assessment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |