ഇസ്ലാമബാദ്: സൗദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, മക്കാ പ്രതിരോധ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച 'മക്കാ ഉടമ്പടി' പ്രകാരമാണ് പാകിസ്ഥാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നാറ്റോയുടെ അഞ്ചാം അനുച്ഛേദത്തിന് സമാനമായ വ്യവസ്ഥകളാണ് മൂന്ന് രാജ്യങ്ങളുടെയും കൂട്ടായ്മ സ്വീകരിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം സഖ്യത്തിലുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കരാർ വ്യവസ്ഥ ചെയ്യുന്നത്. ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ കരാർ ഇതുവരെ ഔദ്യോഗികമായി സജീവമായിട്ടില്ല.
അതേസമയം മക്കാ പ്രതിരോധ കരാറിനു കീഴിലുള്ള ബാധ്യതകൾ നിറവേറ്റാൻ രാജ്യം സന്നദ്ധമാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കി. ബുധനാഴ്ച ജിയോ ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'മക്കാ കരാർ ഞങ്ങൾക്ക് ബാധകമാണ്, ഞങ്ങൾ ഞങ്ങളുടെ കടമ നിറവേറ്റും,' പ്രതിരോധ മന്ത്രി പറഞ്ഞു.
മക്ക ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോൺ സൗദി സഖ്യസേന തകർത്തെന്ന് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഈ ആരോപണം ഹൂതികൾ നിഷേധിച്ചു. സൗദി ഭരണകൂടം നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഇസ്ലാമിന് അതീവ പ്രാധാന്യമുള്ള ഒരു സ്ഥലത്തെ ആക്രമിക്കുന്നതിനെക്കുറിച്ച് തങ്ങൾ ചിന്തിക്കുകപോലുമില്ലെന്നും ഹൂതികൾ വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തു. സൗദി അറേബ്യയുടെ പ്രതിരോധത്തിന് പാകിസ്ഥാന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും റിയാദിനൊപ്പം തോളോട് തോൾ ചേർന്ന് നിലകൊള്ളുമെന്നും ഷെരീഫ് ആവർത്തിച്ചു.
മക്ക ആക്രമിക്കപ്പെട്ടാൽ സംരക്ഷിക്കാൻ ഒരു കരാറിന്റെയും ആവശ്യമില്ലെന്നും ജിയോ ന്യൂസിനോട് സംസാരിക്കവെ ഖവാജ ആസിഫ് വ്യക്തമാക്കി. കരാർ ഇല്ലെങ്കിൽ പോലും മക്കയെ സംരക്ഷിക്കുക തങ്ങളുടെ കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ അഖണ്ഡതയ്‌ക്കോ അതിർത്തികൾക്കോ ഭീഷണി നേരിട്ടാൽ പരസ്പര പ്രതിരോധം ഉറപ്പാക്കുന്നതാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, സൗദി അറേബ്യയ്ക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തിയിരുന്നു. യമൻ സംഘർഷത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
എന്നാൽ, ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള എന്നിവയ്‌ക്കൊപ്പം പശ്ചിമേഷ്യയിലെ ടെഹ്‌റാന്റെ പ്രതിരോധ നിരയുടെ ഭാഗമായാണ് ഹൂതികളെ പൊതുവെ വിലയിരുത്തപ്പെടുന്നത്. യമന്റെ കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുന്ന സ്വതന്ത്രരായ വിഭാഗമാണ് ഹൂതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Amid escalating conflict between Saudi Arabia and Yemen's Houthi rebels, Pakistani Defence Minister Khawaja Asif stated that Pakistan is fully prepared to fulfill its obligations under the Mecca Pact (a mutual defense agreement signed between Pakistan, Saudi Arabia, and Turkey, similar to NATO's Article 5).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |