ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച വിഷയങ്ങളിൽ നാലാം തവണയും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും അതിവേഗ കോടതികൾ സ്ഥാപിക്കുന്നതും ലക്ഷ്യമിട്ടുള്ള 'പബ്ലിക് എജ്യുക്കേഷൻ ഭേദഗതി ബില്ലിനെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള ശിക്ഷ കഠിനമാക്കാനും, അത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കുകയും വ്യാഴാഴ്ച രാജ്യസഭ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയിൽ പ്രധാനമന്ത്രി ഈ നിയമനിർമ്മാണം വാഗ്ദാനം ചെയ്തിരുന്നു. പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാത്രി പങ്കുവച്ച വീഡിയോയിൽ, ടാസ്‌ക് ഫോഴ്സ് രൂപീകരിക്കൽ, അതിവേഗ കോടതികൾ സ്ഥാപിക്കൽ, സംസ്ഥാനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടൽ തുടങ്ങി വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'വർഷങ്ങളായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർച്ച വലിയൊരു പ്രശ്നമാണ്. ഇത് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതും സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. കുട്ടികളുടെ ഭാവി വച്ച് കളിക്കുന്ന പേപ്പർ മാഫിയകളെ വെറുതെ വിടില്ല; ഇതിനായി കർശന നിയമങ്ങൾ വേണം.
നൽകിയ വാക്കുപാലിച്ചുകൊണ്ട് ഞങ്ങൾ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കുകയും, ഇരുസഭകളും ചേർന്ന് അത് ചർച്ച ചെയ്ത് പാസാക്കുകയും ചെയ്തു. വിശ്വസനീയമായ ഒരു പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിലെ വലിയൊരു ചുവടുവയ്പ്പാണിത്. ഇത്തരം പ്രശ്നങ്ങൾ ഇനിയും തുടരാൻ അനുവദിക്കില്ല. വികസിത ഭാരതെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്ക് എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം.'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Prime Minister Narendra Modi posted a video on Instagram for the fourth time in less than a week, discussing paper leaks and efforts to strengthen the education system.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |