SignIn
Kerala Kaumudi Online
Friday, 31 July 2026 2.21 AM IST

ബിൽ രാജ്യസഭയും പാസാക്കി, പരീക്ഷാ ക്രമക്കേടിന് ഇനി കടുത്ത ശിക്ഷ

dr-jitendra-singh
സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്‌

ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ വാക്‌പോരിനിടെ പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ രാജ്യസഭ പാസാക്കി. വ്യാഴാഴ്‌ച ലോക്‌സഭയും പാസാക്കിയിരുന്നു. രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമമാകും. പരീക്ഷാ ക്രമക്കേട് കാട്ടുന്നവർക്ക് പരമാവധി 10 വർഷം തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ.

പ്രതിപക്ഷ വാക്കൗട്ടിനിടെ ശബ്‌ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ ഭേദഗതികളും തള്ളി. ലോക്‌സഭയിലേത് പോലെ ചർച്ചയിൽ നിറഞ്ഞു നിന്നത് ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയാണ്. ഉത്തരം നൽകാനാകുന്നില്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മഫ്‌ടിയിൽ വിദ്യാർത്ഥികളെ മർദ്ദിച്ചത് ആരെന്നും ചോദിച്ചു.

സർക്കാർ നയങ്ങൾ മനുസ്‌മൃതി കാലത്തെ അനുസ്‌മരിക്കുന്നെന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശം വാക്‌പോരിനിടയാക്കി. ജെ.പി. നദ്ദ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ടു. ബില്ലുമായി മനുസ്മൃതിക്ക് എന്ത് ബന്ധമെന്ന് രാജ്യസഭാദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ ചോദിച്ചു. ആർ.എസ്.എസ് ബന്ധമുള്ളവരെ വി.സിമാരായി നിയമിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്ന് ഖാർഗെ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ലിൽ ശക്തമായ സംവിധാനമില്ലെന്നും ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദുബായിലെ ബിസിനസുകാരൻ 23 പേർക്ക് പണം നൽകിയെന്ന് ഒരു മലയാളം ചാനലിൽ വാർത്ത വന്നെന്ന് ജെ.ഡി.യു നേതാവ് സഞ്ജയ് കുമാർ ഝാ ആരോപിച്ചു. സി.പി.എം, സി.പി.ഐ എം.പിമാർ ഇതിനെ എതിർത്തു.

പ്രതിപക്ഷ ആവശ്യം

1 ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുന്നതാവണം ബില്ലിലെ വ്യവസ്ഥകൾ

2 കോച്ചിംഗ് കേന്ദ്രങ്ങളെ നിയന്ത്രിക്കണം

3 പരീക്ഷാ വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കണം

(ആവശ്യങ്ങൾ ടാസ്‌ക്‌ഫോഴ്സ് പരിഗണിക്കുമെന്ന് സർക്കാർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJYASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360