
ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ഡൽഹി പൊലീസിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2021ൽ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന അക്രമസംഭവങ്ങൾക്കെതിരേ ഡൽഹി ബംഗ ഭവനിൽ ഇടതുപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധമായി ബന്ധപ്പെട്ടാണ് കേസ്.
കോടതി നടപടികളിൽ ഹാജരായില്ലെന്നു കാട്ടിയാണ് ഐഷിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ ഇതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിജയശ്രീ റാത്തോഡ് വാറന്റ് ഒരു ദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. കേസിൽ ഐഷി ഇന്നു കോടതിയിൽ നേരിട്ട് ഹാജരാകും. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ഐഷിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹി പൊലീസ് ശ്രമം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ കടന്നുകയറി അറസ്റ്റ് ചെയ്യാനുള്ള നീക്കം ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പടെയുള്ള നേതാക്കൾ തടഞ്ഞിരുന്നു.
പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം
എ.കെ.ജി. ഭവനിൽ കയറി ഐഷിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടത്തിയ നീക്കത്തിൽ പാർലമെന്റിന് അകത്തും പുറത്തും ഇടത് എം.പിമാർ പ്രതിഷേധിച്ചു. സഭചേരുന്നതിനു മുമ്പ് പാർലമെന്റിന് മുന്നിൽ ഇടത് എം.പിമാർ പ്ലക്കാർഡുമായി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി വിഷയം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പിന്തുണച്ചു. ലോക്സഭയിൽ കെ. രാധാകൃഷ്ണൻ എം.പി അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും അനുവദിച്ചില്ല.
യൂണിഫോം ധരിക്കാതെ എന്തിനാണ് പൊലീസ് ഒരു പാർട്ടി ഓഫീസിലേക്ക് ഇരച്ചുകയറുന്നത്. ഒരു പാർട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ലിത്. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണം - ജോൺ ബ്രിട്ടാസ് എം.പി
പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ജനാധിപത്യത്തിന് നാണക്കേട് - മല്ലികാർജ്ജുൻ ഖാർഗെ
നടന്നത് സ്വാഭാവിക നടപടി. ആക്ടിവിസത്തിൽ ഏർപ്പെടുന്ന ഏതു വിദ്യാർത്ഥിക്കും ഈ സാഹചര്യം നേരിടേണ്ടി വരാം. അടിയന്തരാവസ്ഥക്കാലത്ത് എന്നെയും ക്ലാസ് മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട് -കേന്ദ്ര മന്ത്രി ജെ.പി നദ്ദ
പൊലീസ് ഫോൺ ട്രാക്ക് ചെയ്യുന്നു. ഇന്ത്യയിൽ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയാണെന്ന് കേന്ദ്രമന്ത്രി തന്നെ സമ്മതിക്കുന്നെങ്കിൽ ഇതു സ്വാഭാവിക നടപടി -ഐഷി ഘോഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |