ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ പ്രതിപക്ഷം നടത്തുന്ന രഹസ്യമായ കൂടിക്കാഴ്ചകൾ രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഭിന്നിപ്പിക്കാനും സംഘർഷങ്ങൾ സൃഷ്ടിക്കാനും നിരന്തരം ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ ഏകതാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനകൾ ചില ശക്തികൾ തുടർച്ചയായി നടത്തുകയാണ്. ഭാരതത്തിന്റെ മക്കൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന നിരാശയും രാഷ്ട്രീയ തിരിച്ചടികളും കാരണം ചിലർ ഇപ്പോൾ പരസ്യമായി ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വിദേശത്ത് ആരൊക്കെയാണ് രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത്? ഇന്ത്യാവിരുദ്ധ ശക്തികൾ ആരെയാണ് പിന്തുണയ്ക്കുന്നത്? ഇന്ത്യയുടെ ശത്രുക്കളുടെ ഭാഷ സംസാരിക്കുന്നത് ആരാണ്? ഇത്തരം നീക്കങ്ങളെ തിരിച്ചറിയുകയും ഒറ്റക്കെട്ടായി നേരിടുകയും വേണമെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെയും പ്രധാനമന്ത്രി രൂക്ഷവിമർശനമുന്നയിച്ചു. തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ പ്രതിപക്ഷം എല്ലാ കാര്യങ്ങൾക്കും തടസം സൃഷ്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തടസപ്പെടുത്തൽ രാഷ്ട്രീയത്തിന്റെ പ്രധാന ഘടകമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മോദി വിമർശിച്ചു. ഭരണഘടനയുടെ അന്തസും അതിരുകളും തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹികമാദ്ധ്യമങ്ങളെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുമുള്ള ആയുധമാക്കി മാറ്റുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ വിദൂര മേഖലകളിൽ നിന്ന് നക്സലിസത്തെ തുടച്ചുനീക്കാൻ കഴിഞ്ഞെങ്കിലും 'മാനസിക നക്സലിസം' എന്ന ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ല. ഇത്തരം ശക്തികൾക്കെതിരെ രാജ്യം എപ്പോഴും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ രാജ്യത്തിനൊപ്പം ഉറച്ചുനിന്നുവെന്ന് മോദി പറഞ്ഞു. ഇതാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്നും രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
New Delhi: Prime Minister Narendra Modi has alleged that secret meetings being held by the opposition in foreign countries are part of a conspiracy to divide the nation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |