
സോൾ: 71കാരനായ കർഷകന്റെ കണ്ണുകളിൽ ഡോക്ടർമാർ കണ്ടെത്തിയത് 11 വിരകളെ ! ദക്ഷിണ കൊറിയയിലാണ് സംഭവം. വിരകളിൽ ഒന്ന് ലാർവകളെ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. ഏതാനും മാസങ്ങളായി കർഷകന് കണ്ണുകളിൽ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. കണ്ണ് ചുവപ്പ് നിറമായി. കാഴ്ചയും മങ്ങി. ഭയന്ന കർഷകൻ പരിശോധനയ്ക്കായി നേത്രരോഗ ക്ലിനിക്കിൽ എത്തി. തിമിരമാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ രണ്ട് കണ്ണുകൾക്കുള്ളിലും വെളുത്ത നിറത്തിലെ നിരവധി ജീവനുള്ള വിരകൾ ചലിക്കുന്നതായി കണ്ടെത്തി.
11 മുതൽ 22 മില്ലിമീറ്റർ വരെ നീളമുള്ള വിരകളെ ഡോക്ടർമാർ ശ്രദ്ധാപൂർവ്വം പുറത്തെടുത്തു. ഡോക്ടർമാർ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ വിരകൾ കണ്ണുകൾക്കുള്ളിൽ വച്ച് തന്നെ പെരുകിയേനെ. വിരകളെ നീക്കം ചെയ്ത ഉടൻ തന്നെ കർഷകന്റെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ട് മാസം ഡോക്ടർമാർ കർഷകനെ നിരീക്ഷിച്ചെങ്കിലും വിരകൾ വീണ്ടും ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല.
അതേ സമയം, വിരകൾ കർഷകന്റെ കണ്ണിൽ കടന്നതെങ്ങനെയെന്ന് വ്യക്തമല്ല. ഏഷ്യയിലുടനീളം വ്യാപകമായി കാണപ്പെടുന്ന 'തെലാസിയ കാലിപേഡ നെമറ്റോഡ് ' വിരകളെയാണ് കണ്ടെത്തിയത്. പൂച്ചകളുടെയും നായ്ക്കളുടെയും കണ്ണുകളെയാണ് ഇവ സാധാരണയായി ബാധിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവ മനുഷ്യന്റെ കണ്ണുകളിലേക്കും എത്താറുണ്ട്.
മൃഗങ്ങളുടെ കണ്ണുകളിൽ നിന്ന് കണ്ണീരും സ്രവങ്ങളും കുടിക്കുന്ന ഈച്ചകൾ വഴി പകരാം. അടുത്തിടെ പുറത്തുവിട്ട ശാസ്ത്ര ജേർണലിലാണ് കർഷകന്റെ കേസ് വിവരിക്കുന്നത്. 2000 ത്തിന് ശേഷം ഇത്തരം 250 ലേറെ കേസുകളാണ് മനുഷ്യരിൽ കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |