SignIn
Kerala Kaumudi Online
Wednesday, 29 July 2026 10.01 PM IST

49 നെതിരെ 61: മോദി സർക്കാരിന് പിന്തുണയുമായി കങ്കണ അടക്കമുള്ള 61 കലാകാരന്മാരുടെ സംഘം

letter

ന്യൂഡൽഹി: ജയ്‌ ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വ്യാപകമാകുന്നതിൽ ആശങ്കയറിയിച്ച് 49 കലാകാരന്മാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലുള്ള 61 കലാകാരന്മാർ. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് തിരഞ്ഞെടുത്ത വിഷയത്തിൽ മാത്രം പ്രതികരിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്ന് ഇവർ തങ്ങളുടെ കത്തിൽ ആരോപിച്ചു. സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷി, സിനിമാ പ്രവർത്തകരായ മധുർ ഭണ്ടാർക്കർ, വിവേക് അഗ്നിഹോത്രി, നർത്തകിയും രാജ്യസഭാംഗവുമായ സൊണാൽ മാൻസിംഗ് എന്നിവരാണ് കത്തിന് പിന്നിൽ.

മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്താണ് ഇത്തരമൊരു മറുപടി എഴുതുന്നതിന് തങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശ്വാസിക്കുന്ന ചിലർ കൃത്യമായ രാഷ്ട്രീയ, സ്ഥാപിത താത്പര്യത്തോടെയാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലകുറച്ച് കാണാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. ആദിവാസികളും പാർശ്വവത്കരിക്കപ്പെട്ടവരും മാവോവാദികളുടെ ആക്രമണത്തിന് ഇരയായപ്പോൾ ഇവർ എവിടെയായിരുന്നു. കാശ്‌മീരിലെ സ്‌കൂളുകൾ കത്തിക്കുമെന്ന് വിഘടനവാദികൾ ആഹ്വാനം മുഴക്കിയപ്പോഴും ഇക്കൂട്ടർ മിണ്ടിയില്ലെന്നും കത്തിൽ ആരോപിക്കുന്നു.

ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ 49 സിനിമാ പ്രവർത്തകർ കത്തെഴുതിയിരുന്നു. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി എന്നിവരും കത്തിൽ ഒപ്പുവച്ചിരുന്നു. 'നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതർക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' സിനിമാപ്രവർത്തകർ തങ്ങളുടെ കത്തിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PRIME MINISTER LETTER, LETTER TO PRIME MINISTER, LETER TO MODI, REPLY LETTER TO MODI, KANKANA RANAUT, ADOOR GOPALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360