ചെന്നൈ: മുടിയിലൂടെ പകരുന്ന പകർച്ചാവ്യാധികളിൽ നിന്നും രക്ഷനേടാനായി മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് യുവാവിന്റെ വ്യാജവാഗ്ദാനം. സർക്കാർ ഉദ്യോഗസ്ഥനെന്ന് കള്ളം പറഞ്ഞ് സ്ത്രീകളെ ഫോണിൽ വിളിച്ചു കബളിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് തമിഴ്നാട്ടിലെ സേലം ജില്ലയിൽ മൂന്ന് സ്ത്രീകൾ തല മൊട്ടയടിച്ച് തട്ടിപ്പിന് ഇരയായി. സംഭവത്തിൽ അരിയല്ലൂർ സ്വദേശിയായ സതീഷ് കുമാറിനെ (39) പൊലീസ് അറസ്റ്റുചെയ്തു.
ആത്തൂരിനടുത്തുള്ള പുതുക്കോതമ്പാടി സ്വദേശിയായ 63കാരിയുടെ ഫോണിലേക്ക് വന്ന അജ്ഞാത കോളാണ് സംഭവങ്ങൾക്ക് തുടക്കം. തലമുടിയിലൂടെ ഒരു പ്രത്യേക രോഗം പടരുന്നുണ്ടെന്നും ഇതിനെതിരെ സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നുമായിരുന്നു സതീഷ് കുമാർ പറഞ്ഞത്. പദ്ധതി പ്രകാരം മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് 15,000 രൂപയും പുരുഷന്മാർക്ക് 5,000 രൂപയും കോളേജ് വിദ്യാർത്ഥികൾക്ക് 45,000 രൂപയും സർക്കാർ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം.
മറ്റുപല സ്ത്രീകളും മൊട്ടയടിച്ച് പണം കൈപ്പറ്റുന്നതിന്റെ വ്യാജ ചിത്രങ്ങളും ഇയാൾ വാട്സ് ആപ്പ് വഴി അയച്ചുകൊടുത്തു. താലൂക്ക് ഓഫീസിൽ നിന്നും ടോക്കൺ കൈപ്പറ്റി പണം വാങ്ങാമെന്ന് ഇയാൾ ഇവരെ തെറ്റിധരിപ്പിച്ചു. ഇത് വിശ്വസിച്ച വയോധിക ബന്ധുക്കളായ മറ്റുരണ്ടു സ്ത്രീകളെ വിവരം അറിയിക്കുകയും മൂന്നുപേരും ഒന്നിച്ച് മൊട്ടയടിക്കുകയുമായിരുന്നു. എന്നാൽ മൊട്ടയടിച്ച ശേഷം പണത്തിനായി വിളിച്ചപ്പോഴേയ്ക്കും സതീഷ് കുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.
തുടർന്ന് സ്ത്രീകൾ ആത്തൂർ താലൂക്ക് ഓഫീസിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. വൈകാതെ ഇവർ ആത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സതീഷ് കുമാർ പിടിയിലായത്. താൻ തമാശയ്ക്കാണ് വിളിച്ചതെന്നും എന്നാൽ സ്ത്രീകൾ ഇത് വിശ്വസിച്ച് മൊട്ടയടിക്കുമെന്ന് കരുതിയില്ലെന്നുമാണ് ഇയാളുടെ മൊഴി.
A man was arrested in Salem, Tamil Nadu, for impersonating a government official and scamming women. He falsely promised financial aid to women who shaved their heads, claiming it was for preventing hair-borne diseases. Three women fell victim, shaving their heads before realizing the fraud. The accused, Satheesh Kumar, was apprehended following a police complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |