
അമരാവതി: ക്ഷേത്രദർശനത്തിന്റെ പേരിൽ കൊണ്ടുപോയി ഭർത്താവിനെ കാമുകന്റെ മുന്നിലിട്ടുകൊടുത്തു. കാമുകനും കൂട്ടാളികളും ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ രമേഷാണ് (23) കൊല്ലപ്പെട്ടത്. ഭാര്യ ഹാസിനി (19), കാമുകൻ യുഗന്ധർ (20), രണ്ട് കൂട്ടാളികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഡിജിറ്റൽ തെളിവുകളിലൂടെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും പൊലീസ് പ്രതികളെ പിടികൂടി.
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു രമേഷ്. രണ്ടുവർഷം മുമ്പായിരുന്നു ഹാസിനിയുമായുള്ള വിവാഹം. ഇവർക്ക് ഒരു പെൺകുഞ്ഞുമുണ്ട്. ഇതിനിടെയും ഹാസിനി ബാല്യകാല സുഹൃത്തായ യുഗന്ധറുമായുള്ള പ്രണയം തുടർന്നു. രമേഷിനെ ഒഴിവാക്കി ഒന്നിച്ചു ജീവിക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച അമാവാസി പ്രമാണിച്ച് മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ പോകാമെന്ന് ഹാസിനി രമേഷിനോട് പറഞ്ഞു. തുടർന്ന് കുട്ടിയുമായി ഇവർ ബൈക്കിൽ യാത്ര തിരിച്ചു. യാത്രയിലുടനീളം ഹാസിനി ഫോണിലൂടെ യുഗന്ധറിന് ലൈവ് ലൊക്കേഷൻ നൽകി.
ഇടയ്ക്കുവച്ച് ഹാസിനി ഹാൻഡ്ബാഗ് താഴെയിട്ടു. രമേഷ് ബൈക്ക് നിറുത്തിയതോടെ, യുഗന്ധറും കൂട്ടാളികളും ആക്രമിച്ചു. വനത്തിലേക്ക് ഓടിയ രമേഷിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി.
ക്ഷേത്രത്തിൽ പോയ മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് കാണിച്ച് ഹാസിനിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. രമേഷിനൊപ്പം ബൈക്കിൽ പോയ ഹാസിനി, രമേഷിന്റെ ബൈക്കിൽ മറ്റ് രണ്ട് പേർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |